
കാസറഗോഡ്: കാസറഗോഡ് അശ്വിനി നഗറിലെ മാലി ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന സ്പർശ ക്ലിനിക്കിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. തികളാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് ക്ലിക്കിൽ നിന്നും പുക ഉയരുന്നത് സമീപവാസികൾ ശ്രദ്ധിക്കുന്നത്. ഉടൻ തന്നെ ഫയർഫോഴ്‌സിനെ വിവരമറിയിച്ചു. സംഭവസ്ഥലത്ത് വി.എൻ വേണുഗോപാലിൻ്റെ നേതൃത്വത്തിലുള്ള 2 ഫയർ യൂണിറ്റ് എത്തിയാണ് തീ നിയന്ത്ര വിദേയമാക്കിയത്. ഡോക്ടർ ഗോപാലകൃഷ്ണ പി, ഭാര്യ ഡോക്ടർ സുധാ ബട്ട് എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്കിൻ ആൻഡ് കിഡ്സ് കെയർ എന്ന സ്പർശ ക്ലിനിക്കിലാണ് തീ പടർന്നത്. പൂട്ടിക്കിടന്ന ക്ലിനിക്കിൽ നിന്നും പുക ഉയരുന്നതാണ് ആദ്യം കണ്ടെതെങ്കിലും മിനിട്ടുകൾക്കകം അത് വലിയ തീഗോളമായി ക്ലിനിക്കിനകം പൂർണ്ണമായും കത്തിയമർന്നിരുന്നു. നാല് മുറികളിലായി പ്രവർത്തിച്ചിരുന്ന ക്ലിനിക്കിൽ ശക്തമായ പുക കാരണം അകത്ത് കയറാൻ പറ്റാത്ത സ്ഥിതിയായിരുന്നു. സ്വയം രക്ഷാർത്ഥം മുൻകരുതൽ നടപടികൾ സ്വീകരിച്ച് ഏറെ നേരത്തെ ശ്രമം ഫലമായണ് ഷട്ടർ പൂട്ടുകൾ കട്ടർ ഉപയോഗിച്ച് കട്ട് ചെചെയ്തതും അകത്ത് പ്രവേശിച്ച് തീ അണച്ചതും.

റൂമുകളിൽ ഉണ്ടായിരുന്ന എസി, ഫ്രിഡ്ജ്, ഫാനുകൾ, കമ്പ്യൂട്ടറുകൾ, ഫർണിച്ചറുകൾ, ക്ലിനിക്കൽ ഉപകരണങ്ങൾ മരുന്നുകൾ തുടങ്ങി മറ്റ് അനുബന്ധ വസ്തുക്കൾ അടക്കം എല്ലാം പൂർണമായും അഗ്നിക്കിരയായിരുന്നു. സേനാംഗങ്ങൾ വെള്ളം പമ്പ് ചെയ്താണ് തീ പൂർണ്ണമായും അണച്ചത്. റൂമുകളിൽ ഉണ്ടായിരുന്ന തീ പടരാൻ സാധ്യതയുള്ള വസ്തുക്കൾ പുറത്തേക്ക് എത്തിച്ച് തീ പടരുന്നത് ഒഴിവാക്കി. ഇതേ കെട്ടിടത്തിൽ ഹോട്ടൽ, ലോഡ്ജിങ്, ഫ്രൂട്ട്സ് കട, ജ്വല്ലറി, കമ്പ്യൂട്ടർ സ്ഥാപനം, ദന്തൽ ക്ലിനിക്ക്, ഫൈനാൻസ് സ്ഥാപനം തുടങ്ങി15 ഓളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇവടങ്ങളിലേക്ക് തീപടരുന്നത് തടയനായതും വലിയ ദുരന്തമാണ് ഒഴിവായത്. സമീപത്തെ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ അടക്കം ഉണ്ടായിരുന്നു എന്നതും ചെറിയൊരു പാളിച്ചപോലും വലിയ പൊട്ടിത്തെറിയിലേക്ക് വഴിവെക്കുമായിരുന്നു. സമീപത്തെ വലിയ സ്വർണ്ണ വ്യാപാര സ്ഥാപനത്തിലേക്കും തീപടരാതെ നിയന്ത്രിക്കാനായതായും ഉദ്യോഗസ്ഥൻ പറഞ്ഞു.

സേനാംഗങ്ങളായ എം രമേശ്, ഒ.കെ പ്രജിത്ത്, പി രാജേഷ്, എസ് അരുൺകുമാർ, ജിത്തു തോമസ്, എം.എ വൈശാഖ്, ഹോം ഗാർഡുമാരായ എ രാജേന്ദ്രൻ, വി.ജി.വിജിത്ത്, കെ സുമേഷ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. പോലീസ് ഉദ്യോഗസ്ഥരും, കെ.എസ്ഇബി ജീവനക്കാരും, നാട്ടുക്കാരും രക്ഷ പ്രവർത്തനത്തിൽ പങ്കാളികളായിരുന്നു. സംഭവത്തിൽ 25 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഏ.സി യിൽ നിന്നും ഷോർട്ട് സർക്യൂട്ട് മൂലമാണ് തീ പടരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നി സുരക്ഷാ സംവിധാനങ്ങൾ കെട്ടിടത്തിൽ ഉണ്ടായിരുന്നില്ല എന്നാണ് വിവരം. നഗരത്തിലെ മിക്ക കെട്ടിടങ്ങൾക്കും ഫയർ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടെങ്കിലും അവ സമയബന്ധിതമായി പുതുക്കാത്തതും, ചില കെട്ടിടങ്ങൾക്ക് അഗ്നി സുരക്ഷാ സംവിധാനം ഒരുകാത്തതും വിനയാകുന്നുണ്ട്. സുരക്ഷാ സംവിധനം ഇല്ലാത്ത കേട്ടട്ടിടങ്ങൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.


