ശുചിത്വം പാലിക്കേണ്ടവര്‍തന്നെ അത് ഇല്ലാതാക്കുന്നു; കാസര്‍കോട് സിവില്‍സ്റ്റേഷന്‍ കെട്ടിടത്തിന്‍റെ പിന്നാമ്പുറം ആര് ശുചീകരിക്കും?

You are currently viewing ശുചിത്വം പാലിക്കേണ്ടവര്‍തന്നെ അത് ഇല്ലാതാക്കുന്നു; കാസര്‍കോട് സിവില്‍സ്റ്റേഷന്‍ കെട്ടിടത്തിന്‍റെ പിന്നാമ്പുറം ആര് ശുചീകരിക്കും?

ചാനല്‍ ആര്‍ബി സ്പെഷ്യല്‍ റിപ്പോര്‍ട്ട്

കാസർകോട്: കൊറോണ ഭീതി എവിടെയും പടരവെ ലോകം പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ശുചിത്വം ഉറപ്പുവരുത്തികൊണ്ടാണ്. കേരളത്തിലും ആ രീതി തന്നെയാണ് പിന്തുടരുന്നത്. വൈറസിനെ അകറ്റി നിർത്താൻ ഒരു പരിധിവരെ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും അനിവാര്യമാണ്.

മാലിന്യം നിറഞ്ഞിരിക്കുന്ന ഓടകള്‍

എന്നാൽ വ്യക്തിശുചിത്വം മാത്രം മതി, പരിസരം വൃത്തിഹീനമായി സൂക്ഷിച്ചാലോ? അതാണ് കാസർകോട് സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്‍റെ പിന്നാമ്പുറം. ആര്‍.ടി.ഓ ഓഫീസ് പ്രവര്‍ത്തിക്കുന്ന ബ്ലോക്കില്‍ ശുചിത്വം അടുക്കല്കൂടി പോലും പോയിട്ടില്ല എന്നാണ് ഇവിടെ എത്തുന്ന ആര്‍ക്കും കാണാനാകുക. ഓടകളില്‍ ആകെ മലിനജലം കെട്ടിക്കിടക്കുന്നു. ഭക്ഷണ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞിരിക്കുന്നു.. ഭക്ഷണം കൊണ്ടുവരുന്ന പ്ലാസ്റ്റിക്കും ഇവിടെ അലക്ഷ്യമായി എറിഞ്ഞിരിക്കുകയാണ്.

കാട് പിടിച്ചും മാലിന്യങ്ങള്‍ നിറഞ്ഞും കിടക്കുന്ന പിന്‍ഭാഗം

കെട്ടിടത്തിന്‍റെ ചുറ്റും വൃത്തിയും വെടിപ്പും വേണമെന്നത് ഇവിടുത്തെ ഉദ്യോഗസ്ഥര്‍ക്ക് ബാധകമേ അല്ല എന്ന് തോന്നുന്ന കാഴ്ചകളാണ് കാണാന്‍ സാധിക്കുക. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ആളുകള്‍ പലവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ഇവിടെ പക്ഷെ ഈ മലിനീകരണത്തിനെതിരെ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇതുവരെ തയ്യാറായിട്ടില്ല.

വൃത്തിയായി പരിപാലിക്കുന്ന ട്രഷറിബ്ലോക്കില്‍ നിന്നുള്ള കാഴ്ച

ട്രഷറി പ്രവര്‍ത്തിക്കുന്ന ബ്ലോക്കില്‍ വളരെ മനോഹരമായി ചെടികള്‍ ഉള്‍പ്പെടെ പിടിപ്പിച്ച് ഭംഗിയായി പരിപാലിക്കുമ്പോഴാണ്‌ തൊട്ടടുത്ത ബ്ലോക്കില്‍ ആരും തിരിഞ്ഞ് നോക്കാന്‍ മടിക്കുന്ന രീതിയില്‍ വൃത്തിഹീനമായി കിടക്കുന്നത് എന്നത് ഒരു വിരോധാഭാസമാണ്. എന്തായാലും വിഷയത്തില്‍ അടിയന്തിരമായി ജില്ലാ കലക്ടര്‍ ഇടപെടണം എന്നാണ് ഇവിടെ എത്തുന്നവര്‍ ഉയര്‍ത്തുന്ന ആവശ്യം. ഇതെല്ലാം കാണുമ്പോള്‍ ഉയരുന്നത് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ വകുപ്പ് വിഭാഗം നോക്കുകുത്തിയാണോ എന്ന ചോദ്യവും കൂടിയാണ്.

0Shares