Categories
channelrb special Kerala local news trending

തുരങ്കത്തിൽ കുടുങ്ങിയ പുലി രക്ഷപെട്ടു; രണ്ടുതവണ മയക്കുവെടി വെച്ചെങ്കിലും പുലിക്ക് കൊണ്ടില്ല; ഭീതി മാറാതെ കൊളത്തൂർ നിവാസികൾ

കൊളത്തൂര്‍: കാസര്‍കോട് കൊളത്തൂരില്‍ പുലി തുരങ്കത്തില്‍ കുടുങ്ങിയങ്കിലും പിടികൂടാനായില്ല. മടന്തക്കോട് പ്രദേശത്തെ കൃഷ്ണൻ നായരുടെ പറമ്പിൽ ഇടുങ്ങിയ തുരങ്കത്തിലാണ് പുലി കുടുങ്ങിയത്. പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങുകയായിരുന്നു എന്നാണ് നിഗമനം. ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. പ്രദേശവാസിയായ സ്ത്രീ മോട്ടർ ഓഫ് ചെയ്യാൻ എത്തിയപ്പോൾ പുലിയുടെ ഗർജ്ജനം കേട്ടു. പിന്നീട് കുടുംബാംഗങ്ങളെ കൂട്ടിയെത്തി നടത്തിയ പരിശോധനയിലാണ് പുലിയെ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ഉടൻ വനം വകുപ്പിനെ വിവരമറിയിച്ചു. പുലി തുരങ്കത്തിൽ നിന്നും ചാടിപ്പോകാതിരിക്കാനായി കല്ലുകൾ വെച്ച് തുരങ്കം അടച്ചു. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടി വെക്കാനുള്ള സംഘം എത്തുന്നതുവരെ കാത്തുനിന്നു. പുലർച്ച മുന്ന് മണിയോടെ ഡോക്ടർമാരടങ്ങുന്ന സംഘം എത്തിയാണ് മയക്കുവെടി വെച്ചത്. അതിനുമുമ്പ് തുരങ്കത്തിൽ അടച്ചുവെച്ചിരുന്ന കല്ലുകൾ എടുത്തു മാറ്റിയിരുന്നു. ഈ സമയം വെടിയൊച്ച കേട്ട പുലി ജീവൻ രക്ഷാർത്ഥം വെടിവെച്ച ആളുടെ മുന്നിലേക്ക് ചാടിവീണ് രക്ഷപെടുകയാണുണ്ടായത്. ഡോക്ടർമാരടങ്ങുന്ന സംഘം വലിയ പരിക്കുകളില്ലെതെ രക്ഷപെട്ടു. പുലി പുഴ കടന്ന് മുളിയാർ വന മേഖലയിലേക്ക് കടന്നതായാണ് സംശയം. മാസങ്ങളായി പ്രദേശത്ത് പുലിശല്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. പുലിയെ പിടികൂടാനാകാത്തതിൽ നാട്ടുകാർ ആശങ്ക അറിയിച്ചു. പുലിയെ ഉടൻ പിടികൂടണമെന്ന് സ്ഥലത്തെത്തിയ ഉദുമ എം.എൽ.എ സി.എച്ച് കുഞ്ഞമ്പു പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *