
കുട്ടികളുടെ മസ്‌തിഷ്‌കത്തിന് ഏറ്റവുമധികം വികാസമുണ്ടാകുന്നത് അഞ്ച് വയസ് വരെയുളള കാലത്താണ്. കുഞ്ഞിൻ്റെ വളര്‍ച്ചയും വിവിധ കാര്യങ്ങള്‍ പഠിക്കുന്നതും എല്ലാം ഇക്കാലത്ത് അതിവേഗം നടക്കുന്നു. ജീവിത വിജയത്തിനും ആരോഗ്യത്തിനും ഭാവിയ്‌ക്കും ആവശ്യമായ അടിത്തറ പാകുന്നത് ആദ്യത്തെ എട്ട് വയസ് വരെയുളള കാലയളവാണ്. ശ്രദ്ധയും ഓര്‍മ്മശക്തിയും കൃത്യമായി വികസിക്കുക എന്നത് ഇക്കാലത്ത് വളരെ അത്യാവശ്യമാണ്. ഇവിടെ അത്തരത്തില്‍ ശ്രദ്ധയും ഓര്‍മ്മയുമടക്കം വിവിധ കഴിവുകള്‍ വികസിപ്പിക്കാന്‍ ആവശ്യമായ കുറച്ച് ആഹാര പദാര്‍ത്ഥങ്ങള്‍ പരിചയപ്പെടാം.
മുട്ടകൾ
മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും വളര്‍ച്ചയ്‌ക്ക് ഒരുപോലെ ആവശ്യമുളള കൊളീന്‍ എന്ന പോഷണം ധാരാളം അടങ്ങിയതാണ് മുട്ടകൾ. സലാഡ് രൂപത്തിലോ സാന്റ്‌വിച്ചായോ മുട്ട കുട്ടികള്‍ക്ക് നല്‍കാം.

ബ്രേക്ക് ഫാസ്‌റ്റായോ ഉച്ചഭക്ഷണ ശേഷം ഇടനേരത്തെ ആഹാരമായോ മുട്ട ചേര്‍ത്ത വിഭവം തയ്യാറാക്കാം. ശ്രദ്ധ വര്‍ദ്ധിക്കാനും തലച്ചോറിൻ്റെ പ്രവര്‍ത്തനം നന്നാവാനും മുട്ടകൾ കഴിക്കുന്നത് സഹായിക്കും.
മത്സ്യം
ഒമേഗ-3 അടങ്ങിയ മത്സ്യങ്ങള്‍ കുട്ടികള്‍ക്ക് വളരെ നല്ലതാണ്. നാഡിഞരമ്പുകളുടെയും തലച്ചോറിൻ്റെയും മികച്ച പ്രവര്‍ത്തനത്തിന് ഒമേഗ-3 ആവശ്യമാണ്. സാല്‍മണ്‍,ചൂര, മത്തി,അയല എന്നിവ ഇത്തരത്തില്‍ കുട്ടികള്‍ കഴിക്കാവുന്ന മത്സ്യ വിഭാഗങ്ങളാണ്.
ഇലവര്‍ഗങ്ങള്‍
ഇലവര്‍ഗത്തില്‍ പെട്ട പച്ചക്കറികളായ ബ്രൊക്കോളി, സ്‌പിനാച്ച് എന്നിവയില്‍ മസ്‌തിഷ്‌ക വികാസത്തിനുളള വിറ്റാമിന്‍ കെ അടങ്ങിയിട്ടുണ്ട്. ഇവ കുട്ടികള്‍ക്ക് ആഹാരത്തില്‍ ചേര്‍ത്ത് നല്‍കാം.

വിവിധതരം കായ്‌കള്‍
പിസ്ത, കശുവണ്ടിപ്പരിപ്പ് പോലെയുളളവയില്‍ ഫാറ്റി ആസിഡ്, വിറ്റാമിനുകള്‍, മിനറല്‍സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ നാഡീവ്യവസ്ഥയുടെ വികാസത്തിനും ഓജസിനും സഹായിക്കും.
ഓട്‌സ്
പ്രഭാതത്തിലോ ഇടനേരത്തോ എല്ലാം ഭക്ഷണമായി നല്‍കാവുന്നതാണ് ഓട്‌സ്. ഏറെനേരം മസ്‌തിഷ്‌ക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമായി നില്‍ക്കാന്‍ ഇത് സഹായിക്കുന്നു.
പഴവര്‍ഗങ്ങള്‍
കുട്ടിക്കാലത്ത് പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് തലച്ചോറിൻ്റെ വികാസത്തിന് വളരെ പ്രധാനമാണ്. പ്രായാധിക്യം മൂലം ഓര്‍മ്മനശിക്കുന്നതിന് ഒരു പരിധിവരെ തടയാന്‍ ഇക്കാലയളവില്‍ പഴങ്ങള്‍ പ്രത്യേകിച്ച് മുന്തിരി, ഞാവല്‍,മള്‍ബറി തുടങ്ങിയതരം പഴങ്ങള്‍ വളരെ സഹായിക്കും.
