
കൊച്ചി: ഗാനഗന്ധര്‍വ്വന്‍ കെ.ജെ യേശുദാസിനും മറ്റ് ചിലരെപോലെ കണ്ണീരിന്‍റെയും പട്ടിണിയുടെയും ബാല്യമായിരുന്നു. സംഗീതം അഭ്യസിക്കാന്‍ അദ്ദേഹം അനുഭവിക്കേണ്ടി വന്ന വേദനകള്‍ ചെറുതല്ല.
യേശുദാസിന് ചൊവാഴ്‌ച 83 വയസ്. കൊല്ലൂരില്‍ ഇത്തവണ ആഘോഷങ്ങളില്ല. വര്‍ഷങ്ങളായി കൊല്ലൂരിലാണ് യേശുദാസ് പിറന്നാള്‍ ആഘോഷിച്ചിരുന്നത്. മമ്മൂട്ടി, മന്ത്രി പി.രാജീവ്, ഗായകര്‍, ഗാനരചയിതാക്കൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൊച്ചിയിലെ ജന്മദിനാഘോഷം.
യേശുദാസിൻ്റെ ആയുരാരോഗ്യത്തിനായി സുഹൃത്തുക്കള്‍ ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ നടത്തി. അദ്ദേഹത്തിൻ്റെ ജന്മദിനം സുഹൃത്തുക്കള്‍ക്ക് ഉള്ളതാണെന്ന് യേശുദാസിൻ്റെ അടുത്ത ചങ്ങാതിയായ ചേര്‍ത്തല ഗോവിന്ദന്‍ കുട്ടി പറഞ്ഞു. സംഗീതമാണ് യേശുദാസിൻ്റെ ശ്വാസം.

ജോണ്‍ ബ്രിട്ടാസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയ ഒരു അനുഭവം ഇതാണ്: “സംഗീതം പഠിക്കാന്‍ ഞാന്‍ സ്ട്രഗിള്‍ ചെയ്തിട്ടുണ്ട്. ഞാന്‍ സംഗീതമഭ്യസിക്കാന്‍ അഞ്ചുരൂപ ഫീസടയ്ക്കാന്‍ വേണ്ടി കൊച്ചിന്‍ പാലസില്‍ പോയി ചോദിച്ചിട്ടുണ്ട്. എനിക്ക് ചോദിക്കാന്‍ പറ്റിയ സ്ഥലം അതാണെന്ന് കരുതി. അപ്പോള്‍ ബിഷപ്പ് ചോദിച്ചത് എന്തിനാടോ ക്രിസ്ത്യാനിക്ക് പാട്ട് എന്നായിരുന്നു.”- യേശുദാസ് പറയുന്നു.
മുണ്ടുമുറുക്കി ഉടുത്താണ് അവിടെ നിന്നും പോന്ന ശേഷം പഠിച്ചത്. ക്രിസ്ത്യാനിക്ക് എന്തിനാണ് ശാസ്ത്രീയ സംഗീതം എന്ന് എന്‍റെ അച്ഛനോട് ഒരുപാട് പേര്‍ ചോദിച്ചിട്ടുണ്ട്. ചിരിച്ചു കൊണ്ട് മറുപടി പറയാതിരിക്കുകയാണ് അദ്ദേഹം ചെയ്തതെന്നാണ് കെ.ജെ യേശുദാസ് ഓര്‍മ്മിക്കുന്നു.
ഒരിക്കല്‍ തന്‍റെ കുട്ടിക്കാലത്തെ കഷ്ടപ്പാടുകളെ കുറിച്ചും മറ്റും യേശുദാസ് മനസ് തുറന്നിരുന്നു.
“അമ്മക്ക് അല്‍പം ആശങ്കയുണ്ടായിരുന്നു സംഗീതം കൊണ്ട് എങ്ങനെ ജീവിക്കുമെന്ന്. പക്ഷെ, അദ്ദേഹം (യേശുദാവിന്‍റെ പിതാവ് അഗസ്റ്റിന്‍ ജോസഫ്) അമ്മക്ക് പോലും മറുപടി നല്‍കിയില്ല. എന്‍റെ ദൈവാധീനം കൊണ്ടാണ് ഞാന്‍ ആ കുടുംബത്തില്‍ പോയി ജനിച്ചത്. തൃശ്ശൂരിലെ ഒരു ബിസിനസുകാരന്‍ ക്രിസ്ത്യാനിയുടെ വീട്ടിലായിരുന്നു ജനിച്ചിരുന്നതെങ്കില്‍ സ്ഥിതി മാറിയേനെ.” -യേശുദാസ് തന്‍റെ അച്ഛനെയും അമ്മയെയും സ്തുതിച്ചുകൊണ്ട് പറയുന്നു.

“എന്‍റെ കൂട്ടുകാര്‍ തങ്ങള്‍, പോള്‍, ശശിധരന്‍ തുടങ്ങിയവരായിരുന്നു. ഞങ്ങള്‍ വൈകുന്നേരങ്ങളില്‍ ഒരുമിച്ച് കൂടുകയും കളിക്കുകയും ചെയ്യുമായിരുന്നു. പെട്ടെന്ന് ഒരു സണ്‍ഡെ ക്ലാസില്‍ പറയുകയാണ് ക്രിസ്ത്യാനികള്‍ മാത്രമേ സ്വര്‍ഗത്തില്‍ പോവുകയുളളൂ. ഇത് കേട്ടപ്പോള്‍ വലിയ തത്വചിന്തയൊന്നുമില്ലാത്ത എന്‍റെ മനസില്‍ തോന്നിയത് നമ്മളുടെ കൂടെ കളിക്കാന്‍ വരുന്നവര്‍ എല്ലാം വേറെ വേറെ വിഭാഗങ്ങളില്‍ നിന്നുമുള്ളവരാണ്, അവര്‍ സ്വര്‍ഗ്ഗത്തില്‍ തന്നോടൊപ്പം ഉണ്ടാകുമോ എന്നതായിരുന്നു.”-യേശുദാസ് പറയുന്നു.
