
ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലാണ് 7 റൺസിന് ഇന്ത്യയുടെ വിജയം. കന്നി കിരീടം സ്വന്തമാക്കാനുള്ള ദക്ഷിണാഫ്രിക്കയുടെ മോഹമാണ് ഇല്ലാതായത്. ടി-20 ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാം കിരീട നേട്ടമാണിത്. ഇന്ത്യയ്ക്കായി ലോകകിരീടം നേടിത്തന്ന ഇതിഹാസ നായകൻമാരുടെ പട്ടികയിലേക്ക് രോഹിത് ഗുരുനാഥ് ശർമ എന്ന പേരും ചേർക്കപ്പെടുകയാണ് ഈ നേട്ടത്തിലൂടെ.

ഇന്ത്യ ഉയർത്തിയ 177 റൺസെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസേ നേടാനായുള്ളൂ. മത്സരത്തിന്റെ അവസാനം സൂര്യകുമാറിന്റെ കിടിലൻ ബൗണ്ടറി ലൈൻ ക്യാച്ചാണ് ഇന്ത്യൻ വിജയത്തിന് ജീവൻ പകർന്നത്. ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക തുടക്കം തന്നെ പതറിയിരുന്നു. എന്നാൽ ഡികോക്കിന്റേയും ക്ലാസന്റേയും ഇന്നിങ്‌സുകളുടെ ബലത്തിൽ ക്ഷിണാഫ്രിക്ക പൊരുതിയെങ്കിലും വിജയത്തിലെത്തിയില്ല. ക്ലാസനും മില്ലറും അടിച്ചുതകർക്കാൻ തുടങ്ങിയതോടെ ഇന്ത്യ ആശങ്കയിലായി. വെടിക്കെട്ടോടെ ഇരുവരും ചേർന്ന് 15 ഓവറിൽ ടീമിനെ 147 ലെത്തിച്ചു. പിന്നെ കാര്യമായ അത്ഭുതങ്ങളൊന്നും തന്നെ സംഭവിച്ചില്ല.

17-ാം ഓവറിൽ ക്ലാസനെ ഹാർദിക് മടക്കിയതോടെ ഇന്ത്യൻ പ്രതീക്ഷ മടങ്ങിയെത്തി. 27 പന്തിൽ നിന്ന് 52 റൺസെടുത്താണ് താരം മടങ്ങിയത്. അപ്പോഴും ഭീഷണിയായി മില്ലർ ക്രീസിൽ നിലയുറച്ചിരുന്നു. എന്നാൽ 18-ാം ഓവറിൽ മില്ലറിനെ സൂര്യ കുമാർ തകർപ്പൻ ക്യാച്ചിലൂടെ മടക്കിയതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു. പിന്നാലെയെത്തിയവർക്ക് ടീം സ്കോറിൽ വലിയ ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല.
