Categories
articles channelrb special national news trending

പുതിയ ക്രിമിനൽ നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ; ആദ്യ കേസ് രജിസ്റ്റർ ചെയ്തു; റോഡ് തടസ്സപ്പെടുത്തിയതിനാണ് എഫ്.ഐ.ആർ

ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ നിയമങ്ങളാണ് നിലവിൽ വന്നത്.

ന്യൂഡൽഹി: പുതിയ ക്രിമിനൽ നിയമപ്രകാരമുളള ആദ്യ കേസ് ഡൽഹിയിൽ രജിസ്റ്റർ ചെയ്തു. “ഭാരതീയ ന്യായ സംഹിത” പ്രകാരം ഡൽഹിയിലെ ഒരു തെരുവ് കച്ചവടക്കാരനെതിരെയാണ് കേസെടുത്തത്. ഇന്ന് മുതലാണ് രാജ്യത്ത് പുതിയ നിയമങ്ങൾ നിലവിൽ വന്നത്. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ നിയമങ്ങളാണ് നിലവിൽ വന്നത്. ‘ഐ.പി.സി’, ‘സി.ആർ.പി.സി’ എന്നിവയ്ക്ക് പകരമായാണ് ഈ നിയമങ്ങൾ. ഇന്ത്യന്‍ പീനല്‍ കോഡിന് പകരമായാണ് കുറ്റവും ശിക്ഷയും നിര്‍വ്വചിക്കുന്ന ഭാരതീയ ന്യായ സംഹിത നിലവിൽ വന്നത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയാണ് പുതിയ ക്രിമിനല്‍ നടപടിക്രമം. ഭാരതീയ സാക്ഷ്യ അധിനിയമാണ് ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരം നിലവില്‍ വന്ന നിയമം.

എന്താണ് ഭാരതീയ ന്യായ സംഹിത: ഇന്ത്യന്‍ പീനല്‍ കോഡിന് പകരം വരുന്ന ഭാരതീയ ന്യായ് സംഹിതയില്‍ ആകെ 358 വകുപ്പുകളാണുള്ളത്. സംഘടിത കുറ്റകൃത്യങ്ങളും തീവ്രവാദത്തിനും നിര്‍വ്വചനം നല്‍കുന്ന നിയമമാണ് ഭാരതീയ ന്യായ് സംഹിത. കുട്ടികളെ കൂട്ടബലാത്സംഗം ചെയ്താല്‍ ക്രിമിനല്‍ നിയമം അനുസരിച്ച് വധശിക്ഷ വരെ ലഭിക്കാം. വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക അതിക്രമത്തിന് വിധേയമാക്കുന്നത് ഭാരതീയ ന്യായ സംഹിത അനുസരിച്ച് ക്രിമിനല്‍ കുറ്റമാകും.

എന്താണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത: ഭാരതീയ നാഗരിക് സുരക്ഷാ സംഹിത അഥവാ ബി.എന്‍.എസ്.എസ് ആണ് ക്രിമിനല്‍ കേസുകളിലെ നടപടിക്രമം സംബന്ധിച്ച പുതിയ നിയമം. കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്യുന്നതും അന്വേഷണവും മുതല്‍ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ നടപ്പാക്കുന്നതുവരെയുള്ള നടപടിക്രമങ്ങള്‍ ബിഎന്‍എസ്എസില്‍ നിര്‍വ്വചിച്ചിട്ടുണ്ട്. കുറ്റകൃത്യം സംഭവിച്ച പൊലീസ് സ്റ്റേഷനില്‍ മാത്രമല്ല, ഏത് പോലീസ് സ്റ്റേഷനിലും അധികാരപരിധിയില്ലാതെ കേസ് രജിസ്റ്റര്‍ ചെയ്യാം. പരാതി ഓണ്‍ലൈനായും നല്‍കാം.

എന്താണ് ഭാരതീയ സാക്ഷ്യ അധിനിയം: ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരമാണ് ഭാരതീയ സാക്ഷ്യ അധിനിയം. ഡിജിറ്റല്‍ രേഖകളും ഡോക്യുമെന്റ് എന്ന നിർവചനത്തിൽപെടും. ഇലക്ട്രോണിക് രൂപത്തില്‍ ലഭിച്ച സാക്ഷിമൊഴികളും തെളിവായി പരിഗണിക്കും. തെളിവുകള്‍ സൂക്ഷിക്കുന്നതില്‍ ഭാരതീയ സാക്ഷ്യ അധിനിയം കൂടുതല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.

ആദ്യ കേസ് രജിസ്റ്റർ ചെയ്ത പ്രതി ബിഹാർ സ്വദേശിയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പോലീസ് നിരവധി തവണ റോഡ് തടസ്സപ്പെടുത്തുന്നതിൽ നിന്ന് പ്രതിയോട് പിന്മാറാൻ പറഞ്ഞെങ്കിലും അയാൾ അതിന് കൂട്ടാക്കിയില്ല എന്നും ഇതേത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്‌തതെന്നും പോലീസ് പറയുന്നു. പുതിയ ക്രിമിനൽ കോഡിൻ്റെ സെക്ഷൻ 285 പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest