പണത്തോടുള്ള ആർത്തിയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി; രൂക്ഷ വിമർശനം

You are currently viewing പണത്തോടുള്ള ആർത്തിയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി; രൂക്ഷ വിമർശനം

തിരുവനന്തപുരം: സഖാക്കൾക്ക് പണത്തോട് ആർത്തിയാണെന്നരൂക്ഷ വിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. എങ്ങനെ സാമ്പത്തിക നേട്ടമുണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും പാർട്ടിയിലേക്ക് വരുന്നത്. അങ്ങനെവരുന്നവരാണ് പാർട്ടിയെ വെട്ടിലാക്കുന്നത് എന്നും തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള റിപ്പോർട്ടിങ്ങിൽ സംസ്ഥാന സെക്രട്ടറി വിമർശിച്ചു.

തൊഴിലോ മറ്റു മാര്‍ഗങ്ങളോ ഇല്ലാത്തവര്‍ പെട്ടെന്ന് വലിയ സമ്പന്നരായി തീരുന്ന പ്രവണത പാര്‍ട്ടിയില്‍ കണ്ടുവരുന്നതായി എം.വി ഗോവിന്ദന്‍ മാസ്റ്റർ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. പുതുതായി പാര്‍ട്ടിയില്‍ എത്തുന്നവരുടെ സമ്പത്ത് ഏതാനും വര്‍ഷം കൊണ്ട് വന്‍തോതില്‍ വര്‍ധിക്കുകയാണെന്നും അത്തരക്കാരെ കണ്ടെത്തി കര്‍ശനമായ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ക്ക് വേണ്ടി കരുനാഗപള്ളിയില്‍ ചേര്‍ന്ന മേഖലാ യോഗത്തിലായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം.

ലോക്സഭാ തിരഞ്ഞെടുപ്പിൽ താഴെത്തട്ടിൽ നിന്ന് പാർട്ടിക്ക് തന്നെ കണക്കുകൾ പിഴച്ചത് ഗുരുതര വീഴ്ചയാണ്. താഴെ തട്ടിൽ പാർട്ടിയെ സ്നേഹിക്കുന്ന വിശ്വാസികൾ അകന്നു. അതിനാൽ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്ന് പാർട്ടി വിട്ടുനിൽക്കരുത്. പാർട്ടി അംഗങ്ങൾ പോയില്ലെങ്കിലും അനുഭാവികൾ ക്ഷേത്രങ്ങളിൽ ഇടപെടണം. വിശ്വാസികളെയും കൂടെ നിർത്തണം. ജനങ്ങളോട് വിനയത്തോടെ പെരുമാറണം. മരണവും വിവാഹവും ഉൾപ്പെടെ പ്രദേശത്തെ വിഷയങ്ങളിൽ പാർട്ടി അംഗങ്ങൾ സജീവമായി സഹകരിക്കണമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

0Shares