Categories
articles channelrb special Kerala national news

ഷാഫി പറമ്പില്‍ എം.പിയെ പോലീസ് മർദ്ദിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം; പോലീസിൻ്റെ കള്ളങ്ങൾ തുറന്നുകാട്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു; വെട്ടിലായി സി.പി.എം; ഷാഫിക്ക് പിന്തുണയുമായി നേതാക്കൾ..

കോഴിക്കോട്: പേരാമ്പ്രയിലെ സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എം.പിയെ പോലീസ് മർദ്ദിച്ച സംഭവത്തിൽ കടുത്ത പ്രതിഷേധം. പരിക്കേറ്റ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എം.പിയെ നേതാക്കൾ സന്ദർശിച്ചു. പ്രിയങ്ക ഗാന്ധി ഫോണിലൂടെ സംസാരിച്ച് കാര്യങ്ങൾ അന്വേഷിച്ചു. മുക്കിന് പരിക്കേറ്റ എം.പിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിദേയനാക്കി 5 ദിവസം വിശ്രമം നൽകിയിരിക്കുകയാണ് ഡോക്ടർമാർ. പോലീസ് നടപടിയിൽ സംസ്ഥാന വ്യാപക പ്രതിഷേധം തുടരുകയാണ്. മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് നേതാക്കൾ രംഗത്ത് വന്നു. ഷാഫി പറമ്പിലിനെ നിരന്തരമായി പോലീസും ഇടത് പ്രവർത്തകരും വേട്ടയാടുകയാണ്. ഇത് അനുവദിക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. എം.പിയെ കണ്ടാല്‍ പോലീസിന് അറിയില്ലേ എന്ന് ചെന്നിത്തല ചോദിച്ചു. മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ട് ജാഥകള്‍ ഒരേ റൂട്ടില്‍ വിട്ട് മനഃപൂർവ്വം സംഘർഷം ഉണ്ടാക്കുകയാണ് പോലീസ് ചെയ്തതെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശമാണ് പോലീസ് നടപ്പാക്കിയതെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ശബരിമലയിലെ സ്വർണ്ണം മോഷണ കാര്യത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് പോലീസ് മർദ്ദനമെന്നും നേതാക്കൾ കുറ്റപ്പെടുത്തി. കേരളത്തില്‍ നടക്കുന്ന കൊള്ള മറച്ചുവെക്കാനുള്ള ശ്രമമാണ് ഷാഫിക്കെതിരായ അക്രമമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. ഭീകരമായ അക്രമമാണ് ഷാഫിക്കെതിരെ ഉണ്ടായത്. കാട്ടുനീതിയാണ് നടപ്പാകുന്നത്. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന ഉദ്യോഗസ്ഥർക്ക് എല്ലാം ചിരിച്ചുകിട്ടുമെന്നും കണക്ക് എഴുതിവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിൻ്റെ തുടര്‍ സമരങ്ങള്‍ ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.

ഷാഫിക്കെതിരായ ആക്രമണം ആസൂത്രിതമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അക്രമം നിസാരമായിക്കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഷാഫിയുടെ പോപ്പുലാരിറ്റി അവരെ ഭയപ്പെടുത്തുന്നുവെന്നും പോലീസ് തിരഞ്ഞുപിടിച്ചാണ് ആക്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പേരാമ്പ്രയില്‍ ഷാഫി പറമ്പിലിനെതിരെ ഉണ്ടായ നടപടി ബോധപൂര്‍വ്വമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. പോലീസ് നരനായാട്ടാണ് നടത്തുന്നതെന്നും സര്‍ക്കാരിൻ്റെ അവസാന കാലത്തെ കടും വെട്ടാണിതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. നീതി അനീതി നടപ്പാക്കുന്നവരുടെ കൈകളിലാണ്. അപ്പോള്‍ എങ്ങനെ നാട്ടില്‍ നീതി നടപ്പാകുമെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം എം.പിക്ക് മർദ്ദനമേറ്റ സംഭവത്തിൽ പോലീസ് വാദവും ഇടത് നേതാക്കളുടെ വാദവും പച്ച കള്ളമാണെന്നത് വ്യക്തമായി. പോലീസ് ഷാഫിയെ മർദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നതോടെയാണ് കള്ളം പൊളിഞ്ഞത്. ഷാഫി പറമ്പിൽ എം.പിക്ക് നേരെ ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദമാണ് പൊളിഞ്ഞിരിക്കുന്നത്. മാത്രവുമല്ല ഷാഫിയുടെ പരിക്കിനെ പരിഹസിച്ചും പോലീസ് നടപടിയെ അനുകൂലിച്ചും സി പി എം നേതാക്കൾ രംഗത്ത് വന്നതും പാർട്ടിക്ക് ഗുണം ചെയ്തില്ല. ഷഫീക്ക് പരിക്കേറ്റത് കോൺഗ്രസ് നേതാക്കളിൽ നിന്നുതന്നെ എന്നായിരുന്നു സി പി എം പ്രവർത്തകരുടെ വാദം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest