Categories
articles Kerala local news

കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യുന്നു; കാസർഗോഡ് ജില്ലാതല ഉദ്ഘാടനം നടന്നു; കൂടുതൽ അറിയാം..

കാഞ്ഞങ്ങാട്: കേരള കർഷക തൊഴിലാളിക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കളിൽ എസ്. എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള 2025 വർഷത്തെ വിദ്യാഭ്യാസ അവാർഡ് വിതരണത്തിൻ്റെ കാസറഗോഡ് ജില്ലാ തല ഉദ്ഘാടനം നടന്നു. കാഞ്ഞങ്ങാട് മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ഹാളിൽ വെച്ചായിരുന്നു പരിപാടി. കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ എൻ.ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവാർഡുകൾ അദ്ദേഹം വിതരണം ചെയ്തു. ക്ഷേമനിധി ബോർഡ് ഡയറക്ടർ ബങ്കളം കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ക്ഷേമനിധി അംഗങ്ങളായ കർഷക തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി, ടി.എച്ച്. എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ജില്ലയിലെ 1110 വിദ്യാർത്ഥികളാണ് അവാർഡിന് അർഹരായത്. 113 വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വച്ച് നേരിട്ട് തുക കൈമാറി. ബാക്കി ഉള്ളവർക്കുള്ള ആനുകൂല്യതുക അംഗത്തിൻ്റെ ബാങ്ക് അക്കൌണ്ടിലേക്ക് കൈമാറുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇങ്ങനെ ജില്ലയിൽ വിദ്യാഭ്യാസ ധനസഹായമായി ആകെ 33,52,000/- രൂപയാണ് വിതരണം ചെയ്യുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

ചടങ്ങിൽ പള്ളിക്കൈ രാധാകൃഷ്ണൻ (കെ.എസ്.കെ.ടി.യു), എ.വാസുദേവൻ നായർ (ഡി.കെ.ടി.എഫ്), ഗംഗാധരൻ പള്ളിക്കാപ്പിൽ (ബി.കെ.എം.യു),ടി.സുനിൽ കുമാർ (ബി.എം.എസ്.), കെ. അമ്പാടി (എച്ച്.എം.എസ്), ടി കൃഷ്ണൻ (കെ.എസ്.കെ.ടി.എഫ്) എന്നിവർ സംസാരിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.എസ് മുഹമ്മദ് സിയാദ് സ്വാഗതവും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ കെ.ആർ വിപിൻ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest