
കൊച്ചി: കേരളത്തിലെ യുവ രാഷ്ട്രീയ നേതാവിനെതിരെ വെളിപ്പെടുത്തലുമായി യുവ നടി. റിനി ആന്‍ ജോര്‍ജ് എന്ന നടിയാണ് മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തൽ നടത്തിയത്. മൂന്ന് വർഷം മുമ്പ് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവ നേതാവ് അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും തുടര്‍ന്നുവെന്നും പുതുമുഖ നടിയും മുൻ മാധ്യമ പ്രവർത്തകയുമായ റിനി പറഞ്ഞു. നേതാവിന്‍റെ പേര് വെളിപ്പെടുത്താൻ നടി തയ്യാറായില്ല. യുവ നേതാവിൻ്റെ പ്രസ്ഥാനത്തിലുള്ള പലരുമായും നല്ല ബന്ധമാണെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു. തുടക്കം മുതൽ മോശം മെസേജുകളാണ് യുവ നേതാവ് അയച്ചത്. ഇത് ശരിയല്ലെന്ന് പറഞ്ഞിട്ടും അയാൾ അത് തുടർന്നു. ഒരു തവണ ഫൈവ് സ്റ്റാർ ഹോട്ടലിൽ റൂമെടുക്കാം നമുക്ക് കാണണം എന്നും പറഞ്ഞു. ഞാൻ ദേഷ്യപ്പെട്ടതോടെ ആൾ പിന്മാറി. കാര്യങ്ങൾ ഞാൻ പുറത്ത് പറയും എന്ന് പറഞ്ഞപ്പോൾ പോയി പറഞ്ഞോളൂ എന്നാണ് പറഞ്ഞത്. അയാൾ കാരണം മറ്റു ബുദ്ധിമുട്ടുകൾ എനിക്ക് ഇല്ലാത്തത് കൊണ്ടാണ് പരാതിയുമായി ഞാൻ മുന്നോട്ട് പോകാത്തത്. പക്ഷേ പലർക്കും ഈ അനുഭവം ഉണ്ടായി. സ്ത്രീകൾ പ്രതികരിക്കുന്നില്ല എന്നത് വേദനപ്പിച്ചു. ഞാൻ അനുഭവം പറഞ്ഞാൽ പലരും മുന്നോട്ട് വരും എന്നാണ് കരുതുന്നത്. ഇതൊരു തുടക്കമാണെന്നും അനുഭവിച്ചവർ പുറത്ത് പറയാൻ മുന്നോട്ട് വരണമെന്നും യുവ നടി പറഞ്ഞു.
ഇത്തരത്തിലുള്ള ആളുകളെ തിരിച്ചറിയണം. സ്ഥാനമാനങ്ങൾ നൽകുമ്പോൾ സൂക്ഷ്മത കാണിക്കണമെന്നും റിനി പറഞ്ഞു. നേതാവിന്‍റെ പേരോ ഏത് പ്രസ്ഥാനമാണെന്നോ വെളിപ്പെടുത്താൻ തയ്യാറല്ല. ഇയാളെപ്പറ്റി പരാതിയുള്ളവര്‍ അതുമായി മുന്നോട്ടു പോകട്ടെ. പറയേണ്ട സ്ഥലങ്ങളിൽ എല്ലാം പരാതി അറിയിച്ചിട്ടുണ്ട്. പക്ഷേ അതിനുശേഷവും അയാൾക്ക് സ്ഥാനമാനങ്ങൾ ലഭിച്ചു. പ്രമാദമായ പീഡനകേസുകളിൽ ഉൾപ്പെട്ട നേതാക്കൾക്ക് എന്തു സംഭവിച്ചുവെന്ന് ഈ നേതാവ് തന്നോട് ചോദിച്ചു. ഇയാൾ ഉൾപ്പെട്ട പ്രസ്ഥാനം ഇനിയെങ്കിലും ഉത്തരവാദിത്തം കാണിക്കണം. ഹൂ കെയേഴ്സ് എന്ന് തന്നെയാണ് അയാളുടെ ഇപ്പോഴത്തെയും നിലപാടെന്നും പേര് പറഞ്ഞാലും ഒരു നീതിയും കിട്ടില്ലെന്ന് ഉറപ്പാണെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു.
