
ദില്ലി: മനുസ്മൃതിയും സവര്‍ക്കറുമുയര്‍ത്തി ഭരണഘടന ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനും, ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടനയില്‍ ഇന്ത്യയുടേതായി ഒന്നുമില്ലെന്നാണ് സവര്‍ക്കര്‍ പറഞ്ഞതെന്നും സവര്‍ക്കര്‍ ഉയര്‍ത്തിക്കാട്ടിയ മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിതയെന്നും രാഹുല്‍ വിമര്‍ശിച്ചു. സവര്‍ക്കറെ ഇന്ത്യയുടെ മകനെന്ന് ഇന്ദിര ഗാന്ധി വിശേഷിപ്പിച്ചത് ഉന്നയിച്ച് രാഹുലിനെ ബി.ജെ.പി നേരിട്ടു. രാഹുലിന്‍റെ പ്രസംഗത്തിനിടെ വലിയ ബഹളവും ഉയർത്തി ഭരണപക്ഷം. ഹിന്ദു രാഷ്ട്രത്തിന് വേദങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമുള്ളത് മനുസ്മൃതിയാണെന്നും പറഞ്ഞു. ആ മനുസ്മൃതി പിന്തുടര്‍ന്ന് സര്‍ക്കാര്‍ രാജ്യത്തെ പിന്നോട്ടടിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. വിരല്‍ നഷ്ടപ്പെട്ട ഏകലവ്യന്‍റെ അവസ്ഥയാണ് രാജ്യത്തെ യുവാക്കള്‍ക്കും, കര്‍ഷകര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കുമെന്ന് രാഹുല്‍ പറഞ്ഞു. അദാനി, ഹാത്രസ്, സംഭല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചപ്പോള്‍ സ്പീക്കര്‍ തടയാന്‍ ശ്രമിച്ചെങ്കിലും, ഭരണഘടനക്കൊപ്പം നീതി നിഷേധവും ചര്‍ച്ച ചെയ്യപ്പടണമെന്ന് രാഹുല്‍ പറഞ്ഞു. അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സെസ് നടപ്പാക്കുമെന്നും, 50 ശതമാനം സംവരണം എടുത്തു കളയുമെന്നും ആവര്‍ത്തിച്ചു. രാഹുലിൻ്റെ ഈ പരാമർശത്തിന് പിന്നാലെയാണ് കോൺഗ്രസിനെ കടന്നാക്രമിച്ച് മോദിയുടെ പ്രസംഗം.
