
ബേഡകം / കാസർകോട്: ദീർഘ വീക്ഷണവും സൗമ്യതയും പി. രാഘവൻ്റെ പൊതുസ്വീകാര്യത അദ്ദേഹത്തെ എക്കാലത്തും ജനകീയനാക്കി. കോൺഗ്രസിൻ്റെ ശക്തി കേന്ദ്രമായിരുന്ന ഉദുമ നിയമസഭാ സീറ്റിൽ 1991 ൽ അവരുടെ സ്ഥാനാർഥിയെ തോൽപ്പിച്ച് നിയമസഭയിലെത്താൻ പി.രാഘവന് പിൻബലമേകിയതും ഈ ജനകീയത തന്നെ. രാജീവ് ഗാന്ധിയുടെ മരണത്തെ തുടർന്നുള്ള സഹതാപ തരംഗത്തിൽ യു.ഡി.എഫ് അധികാരത്തിൽ വന്നപ്പോഴും ഉദുമയിൽ പി.രാഘവൻ്റെ പൊതുസ്വീകാര്യതക്ക് ഒന്നും സംഭവിച്ചില്ല.

അക്കാലത്ത് യു.ഡി.എഫ് ശക്തികേന്ദ്രങ്ങളെന്ന് അറിയപ്പെട്ടിരുന്ന ദേലംപാടി, ചെമ്മനാട്, പുല്ലൂർ പെരിയ, പള്ളിക്കര, ഉദുമ, ചെമ്മനാട് പഞ്ചായത്തുകൾ ഈ ജനനേതാവിനെ സ്വീകരിച്ചു. ആദ്യവട്ടം 916 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചതെങ്കിൽ രണ്ടാമത് ഭൂരിപക്ഷം പതിനായിരത്തിലധികമായി. പി.രാഘവനെ പിന്തുണച്ച ദേലംപാടി, പുല്ലൂർ പെരിയ, പള്ളിക്കര, ഉദുമ പഞ്ചായത്തുകൾ വലതുപക്ഷ രാഷ്ട്രീയത്തെ തള്ളി പറഞ്ഞ് ഇടതുപക്ഷത്തിൻ്റെ ഉറച്ച കേന്ദ്രങ്ങളായി.

പരമ്പരാഗതമായി കോൺഗ്രസിനൊപ്പവും മുസ്ലിം ലീഗിനൊപ്പവും നിന്നിരുന്ന മതന്യൂനപക്ഷ വിഭാഗങ്ങളെയും ഇതര വിഭാഗങ്ങളെയും ചെങ്കൊടി തണലിൽ അണി ചേർക്കാൻ ആ പ്രവർത്തന ശൈലിക്കായി. ജില്ലയിലും ഉദുമ മണ്ഡലത്തിലും നിരവധി വികസന പ്രവർത്തനങ്ങൾ സർക്കാർ തലത്തിലും സഹകരണ തലത്തിലും പ്രവർത്തികമാക്കുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിച്ചു. ജനങ്ങളുടെയും നാടിൻ്റെയും നാഡി മിടിപ്പ് വ്യക്തമായി അറിയാമായിരുന്ന അദ്ദേഹത്തിൻ്റെ പരിശ്രമത്തിനും സൗമ്യതക്കും മുന്നിൽ ഫയലുകളുടെ ചുവപ്പ് നാടകൾ അഴിഞ്ഞ് വീണു. പിന്നീട് ഉദുമ എക്കാലത്തേയും ഇടതുകോട്ടയായത് പി.രാഘവൻ്റെ കരുത്തുറ്റ നേതൃത്വത്താൽ ആണ്.
