
ചിക്കാഗോ: അമേരിക്കയുടെ 246ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ പുലരിയിലേക്ക് അഭിമാനത്തോടെ ഉണർന്നെണീറ്റെങ്കിലും രാജ്യമെമ്പാടും ഭീതി വിതച്ച് ചിക്കാഗോയിലെ ആക്രമണം അക്ഷരാർത്ഥത്തിൽ ലോകത്തെ ഞെട്ടിച്ചു. ഹൈലന്റ് പാർക്കിലുണ്ടായ വെടിവെപ്പിൽ മരണപ്പെട്ടവരുടെ എണ്ണം ആറായി. 26 പേർക്ക് പരിക്കേറ്റെന്നും ചിക്കാഗോ ഗവർണർ അറിയിച്ചു. വെടിയൊച്ച കേട്ടതും ജനം പരിഭ്രാന്തരായി പലവഴിക്ക് ഓടി. ജൂലൈ 4 പരേഡ് താറുമാറായി. ആറുമണിക്കൂര്‍ തെരച്ചലിന് ശേഷം അക്രമിയായ 22 കാരനെ സുരക്ഷ സൈന്യം പിടികൂടി. റോബർട്ട് ക്രീമോക്ക് എന്നയാളാണ് പിടിയിലായത്.

ആഹ്ളാദത്തോടെയും അഭിമാനത്തോടെയും സ്വാതന്ത്ര്യദിന പരേഡ് കാണാനും അതിൽ പങ്കെടുക്കാനുമാണ് നൂറ് കണക്കിനാളുകൾ ഹൈലന്റ് പാർക്കിലെ തെരുവിലെത്തിയത്. പരേഡ് നടന്നു കൊണ്ടിരിക്കെയാണ് പെട്ടെന്ന് വെടിവെപ്പുണ്ടായത്. സമീപത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് പത്ത് മിനുറ്റോളം നിർത്താതെ വെടിയുതിർത്തതായാണ് വിവരം.
പ്രാദേശിക സമയം പത്തരയോടെയാണ് അജ്ഞാതൻ പരേഡിന് നേരെ വെടിയുതിർത്തത്. 20 തവണ വെടിയൊച്ച കേട്ടുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അക്രമി പരേഡ് നടന്ന ഗ്രൗണ്ടിന് സമീപത്തെ ഏതോ കെട്ടിടത്തിന് മുകളിൽ നിന്ന് വെടിവെച്ചെന്നാണ് പ്രാഥമിക നിഗമനമുണ്ടായി.

സംഭവത്തെ തുടർന്ന് ഹൈലന്റ് പാർക്ക് നഗരത്തിന് അയൽപ്രദേശങ്ങളിൽ പരേഡ് നിർത്തിവെച്ചു. എത്രപേർ മരിച്ചെന്നോ എത്ര പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നുവെന്നോ കൃത്യമായ വിവരങ്ങൾ ആദ്യം പുറത്തുവന്നിരുന്നില്ല. ഹൈലന്റ് പാർക്കിലും സമീപ നഗരങ്ങളിലും ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പൊലീസ് കർശന സുരക്ഷയൊരുക്കി. പിടിയിലായ യുവാവിനെ അമേരിക്കയുടെ വിവിധ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തു വരികയാണ്.
