
ഡൽഹി: ദില്ലിയിൽ മഴ ശക്തമായി തുടരുന്നു. അതിനിടെ പുതിയ പാർലമെന്റ് കെട്ടിടം ചോർന്നൊലിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. ഡൽഹിയിൽ കനത്ത മഴ പെയ്തതോടെയാണ് പാർലമെന്റ് മന്ദിരത്തിന്റെ ലോബി ചോർന്നൊലിക്കാൻ തുടങ്ങിയത്. ഇതിന്റെ ദൃശ്യങ്ങൾ കോൺഗ്രസും സമാജ്‍വാജി പാർട്ടിയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. പണി പൂർത്തിയായി ഒരു വർഷം മാത്രമായ കെട്ടിടമാണ് ചോർന്നൊലിക്കുന്നത്. അയോധ്യയിൽ പുതുതായി പണിത രാമക്ഷേത്രം ചോർന്നൊലിക്കുന്നതും ഈയിടെ വാർത്തയായിരുന്നു. ബി.ജെ.പിയുടെ വികസന മോഡലാകാം പുതിയ ഡിസൈനിലുള്ള ചേർന്നൊലിക്കുന്ന കെട്ടിടം എന്ന് കോൺഗ്രസ് പരിഹസിച്ചു.
സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എം.പി മാണിക്കം ടാഗോർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ‘ചോദ്യപേപ്പർ ചോർച്ച പുറത്ത്, വെള്ളം ചോർച്ച അകത്ത്. പ്രസിഡന്റ് ഉപയോഗിക്കുന്ന ലോബിയിലെ ചോർച്ച പുതിയ മന്ദിരത്തിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട അടിയന്തരവിഷയങ്ങളിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്, അതും പണി പൂർത്തിയായി ഒരു വർഷം മാത്രമാകുമ്പോൾ’. ടാഗോർ മാണിക്കം എം.പി എക്സിൽ പ്രതികരിച്ചു.
