
കാസർഗോഡ്: ഉത്തര കേരളത്തിൻ്റെയും ദക്ഷിണ കർണാടകത്തിൻ്റെയും ഹിന്ദു മുസ്ലിം ക്രൈസ്തവ മതമൈത്രിക്ക് മുൻ മന്ത്രി ചെർക്കളം അബ്ദുള്ള വലിയ സംഭാവനകൾ നൽകി എന്ന് പ്രശസ്ത പ്രകൃതി ചിത്രകാരൻ പി.എസ് പുൻഞ്ചിത്തായ അഭിപ്രായപ്പെട്ടു. സഹോദര സമുദായത്തിലെ ആളുകൾ അദ്ദേഹത്തെ സന്ദർശിക്കാൻ വന്നാൽ അവരെ സ്വീകരിക്കൽ മുതൽ അവരുടെ ആവശ്യങ്ങളും പരാതികളും അറിയാൻ കാണിക്കുന്ന ഉത്സാഹവും അവരുടെ ക്ഷണം സ്വീകരിക്കലും ഏതൊരു ആവശ്യവും ശരിയാക്കി കൊടുക്കലും ഏതൊരു പ്രശ്നവും പരിഹരിച്ചു എന്ന് പിന്തുടർന്ന് ഉറപ്പുവരുത്തലും ആവശ്യങ്ങൾ പരിഹരിച്ച വിവരം അവരെ നേരിട്ട് കണ്ട് അറിയിക്കുന്നതും അദ്ദേഹം കാണിക്കുന്ന പ്രത്യേക താല്പര്യം പിഎസ് പുൻഞ്ചിത്തായ അനുഭവങ്ങളിലൂടെ എടുത്തു പറഞ്ഞു. ഇത് തൻ്റെ മാത്രമല്ല തൊളുനാടിൻ്റെ മൊത്തം മത-ജാതി വ്യത്യാസമില്ലാതെ എല്ലാവർക്കും ഉള്ള അഭിപ്രായമാണെന്നും പുൻഞ്ചിത്തായ കൂട്ടിച്ചേർത്തു. അക്കാരണങ്ങൾ കൊണ്ടുതന്നെ അദ്ദേഹം എല്ലാ ആളുകൾക്കിടയിലും ഏറെ സ്വീകാര്യമായി തീരുകയും ചെയ്തിട്ടുണ്ട്. വ്യത്യസ്ത മതങ്ങളുടെ ആളുകൾ തമ്മിൽ സാഹോദര്യവും ഐക്യവും വളർത്തിയെടുക്കാൻ മലയാളവും കന്നടയും തുളുവും ഉർദുവും ഒരുപോലെ കൈകാര്യം ചെയ്യാൻ സാധിക്കുന്ന തുളുനാടിൻ്റെ
സീനിയർ നേതാവായിരുന്ന അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്നതായും പുൻഞ്ചിത്തായ പറഞ്ഞു.

ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ അദ്ദേഹത്തിൻ്റെ വസതിയായ ‘കാഞ്ചന ഗംഗ കലാ ഗ്രാമ’യിൽ നടത്തിയ ഹ്രസ്വമായ ആദരിക്കൽ ചടങ്ങിൽ ആദരവ് സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ ചെയർമാൻ നാസർ ചെർക്കളത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രശസ്ത സാമൂഹ്യ പ്രവർത്തകൻ ടി.എം ഷഹീദ് സുള്ള്യ ഉദ്ഘാടനം ചെയ്തു. തുടർന്ന് പൊന്നാടയണയിച്ച് ആദരിച്ചു. പ്രശസ്ത ചരിത്രകാരൻ ഡോക്ടർ സി ബാലൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഫൗണ്ടേഷൻ വർക്കിംഗ് ചെയർമാൻ അമീർ പള്ളിയാൻ, സി അഹമ്മദ് കബീർ ചെർക്കളം, സി.എച്ച് നൗഷാദ് ചെർക്കള എന്നിവർ ആശംസകൾ നേർന്നു. ഫൗണ്ടേഷൻ സെക്രട്ടറി മുഹമ്മദ് യാസർ വാഫി സ്വാഗതവും സെക്രട്ടറി കരീം ചൗക്കി നന്ദിയും പറഞ്ഞു.
