
കാസർകോട്: കേരളത്തിൻ്റെ വടക്കേ അറ്റമായ കാസർകോട് ജില്ലയുടെ ശബ്ദം ഭരണസിരാകേന്ദ്രങ്ങളിൽ നിരന്തരം എത്തിച്ച് നാടിൻ്റെ നന്മയ്ക്കും വികസനത്തിനും വേണ്ടി അഹോരാത്രം പ്രവർത്തിച്ച, ജില്ലയുടെ വികസന ശില്പിയായിരുന്ന നേതാവായിരുന്നു ചെർക്കളം അബ്ദുള്ളയെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ബഷീർ വെള്ളിക്കോത്ത് പറഞ്ഞു. മുസ്ലിംലീഗ് നേതാവ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ, എം.എൽ.എ, മന്ത്രി എന്നീ നിലകളിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് ചെർക്കളം കാഴ്ചവെച്ചത്. ഏത് ഉത്തരവാദിത്വവും ഏൽപ്പിച്ചാലും അത് ഭംഗിയായി കൈകാര്യം ചെയ്ത് എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്ന ചെർക്കളം ഉത്തരവാദിത്വം നിറവേറ്റുന്നതിൽ ഏതറ്റം വരെ പോകാനും മടിച്ചിരുന്നില്ല. ചെർക്കളം അബ്ദുല്ലയുടെ വിടവ് മുസ്ലിംലീഗിനും കാസർഗോഡ് ജില്ലക്കു വലിയ നഷ്ടമാണ്. ചെർക്കളം അബ്ദുള്ളയുടെ ഏഴാം ചരമവാർഷിക ദിനത്തിൽ മുസ്ലിം ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ സ്വാഗതം പറഞ്ഞു. സയ്യിദ് ഹാദി തങ്ങൾ പ്രാർത്ഥന നടത്തി. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം അഷ്‌റഫ് എം.എൽ.എ, പി.എം മുനീർ ഹാജി, കെ.ഇ.എ ബക്കർ, എ.എം കടവത്ത്, എ.ബി ശാഫി, അബ്ദുള്ള കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി, അസീസ് മരിക്കെ, മാഹിൻ കേളോട്ട്, എ.കെ ആരിഫ്, കെ.ബി മുഹമ്മദ് കുഞ്ഞി, ബദറുദ്ധീൻ കെ.കെ എന്നിവർ സംസാരിച്ചു.
