
സംസ്ഥാനത്ത് 140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള റൂട്ടുകളിലെ സ്വകാര്യ ബസുകളുടെ താല്‍ക്കാലിക പെര്‍മിറ്റ് പുതുക്കി നല്‍കേണ്ടെന്ന ഗതാഗത വകുപ്പിന്‍റെ തീരുമാനം മാര്‍ച്ച് ഒന്നിന് നിലവില്‍ വരും.കെ.എസ്.ആര്‍.ടി.സിക്ക് ഗുണകരവും യാത്രക്കാര്‍ക്കും സ്വകാര്യ ബസുടമകള്‍ക്കും തിരിച്ചടിയുമായേക്കാവുന്ന തീരുമാനം പിന്‍വലിപ്പിക്കാന്‍ വന്‍സമ്മര്‍ദമാണ് ഗതാഗത വകുപ്പിനുമേലുള്ളത്.
സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിന് മേല്‍ സര്‍വിസ് നടത്താന്‍ അനുമതി നല്‍കേണ്ടെന്ന തീരുമാനം 2014 ലാണ് ഹൈകോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ എടുക്കുന്നത്. സംസ്ഥാനത്ത് 140 കിലോമീറ്ററിന് മുകളില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റുനല്‍കാന്‍ കേരള മോട്ടോര്‍ വാഹന ചട്ടങ്ങള്‍ അനുവദിക്കുന്നില്ല. പിന്നീട്, 2022 ഒക്ടോബറില്‍ റൂട്ട് ദേശസാത്കരണം സംബന്ധിച്ച അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിലെ കാലതാമസവും ഗതാഗത ക്ലേശവും പരിഗണിച്ച് 140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് നാലു മാസത്തേക്ക് താല്‍ക്കാലിക പെര്‍മിറ്റ് അനുവദിക്കുകയായിരുന്നു.

ഇതിന്‍റെ കാലാവധിയാണ് 2023 ഫെബ്രുവരി 28ന് അവസാനിക്കുന്നത്.പെര്‍മിറ്റ് പുതുക്കി നല്‍കുന്നത് നിയമവിരുദ്ധവും കോടതിയലക്ഷ്യവുമാകുമെന്നതിനാല്‍ താല്‍ക്കാലിക പെര്‍മിറ്റ് അനുവദിക്കേണ്ടെന്നാണ് ഗതാഗത വകുപ്പിന്‍റെ തീരുമാനം. സംസ്ഥാനത്ത് ഏകദേശം 200 ബസുകളെയാണ് നടപടി ബാധിക്കുക.ഇതില്‍ ഏറെയും മധ്യകേരളത്തില്‍നിന്ന് മലബാറിലെ കുടിയേറ്റ മേഖലകളിലേക്ക് സര്‍വിസ് നടത്തുന്നവയാണ്.
