Categories
Kerala local news sports

കാസർഗോഡ് ജില്ലാ പഞ്ചായത്ത് രാവണീശ്വരം ഒറവുങ്കരയിൽ നിർമ്മിച്ച കബഡി കോർട്ട് മന്ത്രി എ.കെ ശശീന്ദ്രൻ നാടിന് സമർപ്പിച്ചു

കാഞ്ഞങ്ങാട്: കായിക മേഖലയിൽ പുതിയ തലമുറ താരങ്ങളെ വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ അജാനൂർ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ ഉടനീളം വിവിധ വികസന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. കബഡിക്ക് പുറമെ ഫുട്ബോളിലും, വോളിബോളിലും പുതിയ താരങ്ങൾ ഇന്ന് അജാനൂരിൽ ഉയർന്ന് വരികയാണ്. നിരവധി കലാ കായിക പ്രസ്ഥാനങ്ങൾ ഉള്ള രാവണീശ്വരത്ത് പുതിയ കായിക താരങ്ങളെ വാർത്തെടുക്കാൻ ഉതകുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ കബഡി കോർട്ടാണ് നിർമ്മിച്ചിട്ടുള്ളത്. ജില്ലയിലെ കബഡി താരങ്ങൾക്ക് പ്രയോജനകരമാവുന്ന വിധത്തിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. കാസർഗോഡ് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1.05 കോടി രൂപ ചെലവിലാണ് കബഡി കോർട്ട് നിർമ്മാണം പൂർത്തിയാക്കിയത്. കബഡി കോർട്ട്, മാറ്റ്, ഡ്രസ്സിംഗ് & റെസ്റ്റിംഗ് റൂം, സ്റ്റേജ്, ഗ്യാലറി, മേൽക്കൂര, ലൈറ്റ് സംവിധാനങ്ങളോടുകൂടിയാണ് നിർമ്മാണം പൂർത്തിയാക്കിയത്. കബഡി കോർട്ട് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ, അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സബീഷ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്.എൻ സരിത, അജാനൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.മീന, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കൃഷ്ണൻ മാസ്റ്റർ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ജി പുഷ്പ വാർഡ് മെമ്പർ എം.ബാലകൃഷ്ണൻ, അജാനൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ പി.മിനി, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കൃഷ്ണൻ, അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ദാമോദരൻ, മൂലക്കണ്ടം പ്രഭാകരൻ, എ.തമ്പാൻ, കെ.ബാലകൃഷ്ണൻ, കെ.സി മുഹമ്മദ് കുഞ്ഞി, പി.എ ശകുന്തള, ഒ.മോഹനൻ, കെ.ദീപുരാജ്, എന്നിവർ സംസാരിച്ചു. അജാനൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.ശോഭ സ്വാഗതവും സംഘാടക സമിതി ചെയർമാൻ സി.രവി നന്ദിയും പറഞ്ഞു. ചടങ്ങിൽ വച്ച് കബഡി കോർട്ടിൻ്റെ നിർമ്മാണം ഏറ്റെടുത്ത് പണി പൂർത്തിയാക്കിയ നിർമ്മിതി കേന്ദ്രം പ്രോജക്ട് എൻജിനീയർ ബിന്ദു, അസിസ്റ്റന്റ് എൻജിനീയർ ഫമീസ് എന്നിവരെ മന്ത്രി എ.കെ ശശീന്ദ്രൻ പൊന്നാടയണിയിച്ച് ആദരിച്ചു. കൂടാതെ റെഡ് സ്റ്റാർ മുക്കൂട് വടംവലി ടീമിൻ്റെ ജേഴ്‌സി പ്രകാശനവും ചടങ്ങിൽ വച്ച് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest