
കാസറഗോഡ്: തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് റിപ്പോര്‍ട്ടിങിനിടെ കാഞ്ഞങ്ങാട് അജാനൂര്‍ ഇഖ്ബാല്‍ എച്ച്എസ്എസ് ബൂത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ കൈയേറ്റ ശ്രമത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ന്യൂസ് 18 കേരള റിപ്പോര്‍ട്ടര്‍ കെ.വി. ബൈജു, കേരള വിഷന്‍ റിപ്പോര്‍ട്ട് ജോസഫ് അഗസ്റ്റിന്‍, സിറ്റി ചാനല്‍ ക്യാമറാമാന്‍ കെ.വി. സുനില്‍കുമാര്‍ എന്നിവരെയാണ് ഒരു സംഘം ആളുകൾ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിച്ചതിൻ്റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടസപ്പെടുത്തുകയായിരുന്നു.

ഇവിടുന്ന് പുറത്തിറങ്ങില്ലെന്നും ഞങ്ങളുടെ കോട്ടയാണെന്നും ആക്രോശിച്ച് കൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആളുകള്‍ കൂട്ടമായി അടുക്കുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ ഇടപെടുകയും അവരെ പിടിച്ചു മാറ്റുകയുമായിരുന്നു. ജനാധിപത്യ പ്രക്രിയയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ തങ്ങളെ അനുകൂലിച്ച് മാത്രം വാര്‍ത്തകള്‍ നല്‍കണമെന്ന നിര്‍ബന്ധബുദ്ധി വെച്ച് പുലര്‍ത്തുന്നത് ശരിയല്ല. ഏതെങ്കിലുമൊരു രാഷ്ട്രീയ കക്ഷിയുടെ ശക്തികേന്ദ്രമാണെങ്കില്‍ അവര്‍ക്കെതിരായ റിപ്പോര്‍ട്ടിങ് തടസപ്പെടുത്തുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. തിരഞ്ഞെടുപ്പ് ദിവസം പോലും അസഹിഷ്ണുത കാണിക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കാകെ നാണക്കേടാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ തടയാന്‍ പാര്‍ട്ടികള്‍ മുന്‍കൈയെടുക്കണമെന്നും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും കെ.യു.ഡബ്ല്യു.ജെ ജില്ലാ കമ്മിറ്റി (പ്രസ് ക്ലബ് കാസറഗോഡ്) പത്രക്കുറിപ്പില്‍ അറിയിച്ചു.
