Categories
business Kerala local news

കാസര്‍കോട് ജില്ലാതല ഓണം ഖാദി മേള കാഞ്ഞങ്ങാട്ട് ആരംഭിച്ചു; മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു; 30 ശതമാനം ഗവ. റിബേറ്റും, ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും; കൂടുതൽ അറിയാം..

കാസർകോട്: വിപണിയിലെ പ്രധാന ബ്രാന്‍ഡുകളുമായി മത്സരിക്കാവുന്ന ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങളാണ് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വിപണിയിലേക്ക് എത്തിക്കുന്നതെന്ന് സഹകരണം- തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും പയ്യന്നൂര്‍ ഖാദി കേന്ദ്രവും ചേര്‍ന്നൊരുക്കുന്ന ഓണം ഖാദി മേള 2025ൻ്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എനിക്കും വേണം ഖാദി എന്നതാണ് ഈ വര്‍ഷത്തെ ഖാദി മേളയുടെ മുദ്രാവാക്യം വാക്യം. മേളയുടെ ഭാഗമായി ഉയര്‍ന്ന നിലവാരത്തിലുള്ള വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളാണ് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിൻ്റെ വിവിധ ഖാദി സൗഭാഗ്യ കേന്ദ്രങ്ങളിലൂടെ വില്‍പന നടത്തുക.

കുഞ്ഞുടുപ്പു മുതല്‍ ഉന്നക്കിടക്ക വരെ ഷര്‍ട്ട്, മുണ്ട്, ലുങ്കി, സാരി, ജുബ്ബതുടങ്ങിയ ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം ഗവ. റിബേറ്റും ഗവ. ജീവനക്കാര്‍ക്കും അര്‍ദ്ധസര്‍ക്കാര്‍ ബാങ്ക് ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്. ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും സമ്മാനകൂപ്പണുകള്‍ ലഭിക്കും. ഒന്നാം സമ്മാനമായി ഇ.വി. കാര്‍, രണ്ടാം സമ്മാനമായി പതിനാലു ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍, മൂന്നാം സമ്മാനമായി അഞ്ചു ആയിരം രൂപയുടെ 50 ഗിഫ്റ്റ് വൗച്ചറുകള്‍ എന്നിവയും ലഭിക്കും. കൂടാതെ ജില്ലകളില്‍ ആഴ്ച തോറും നറുക്കെടുപ്പിലൂടെ 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും നല്‍കും.

കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡ് സൗഭാഗ്യ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ എം.രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ മുഖ്യാതിഥിയായി. ഖാദിയുടെ സ്ഥിര ഉപഭോക്താവും സാമൂഹിക പ്രവര്‍ത്തകനുമായ എം.കെ വിനോദ് കുമാറിന് വസ്ത്രങ്ങള്‍ നല്‍കി കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത ആദ്യ വില്‍പന ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ബില്‍ ടെക് അബ്ദുള്ള, മുന്‍ നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍, സിനിമ നടന്‍ സന്തോഷ് കീഴാറ്റൂര്‍ എന്നിവര്‍ സംസാരിച്ചു. പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ വി.ഷിബു സ്വാഗതവും പ്രോജക്ട് ഓഫീസര്‍ പി.സുഭാഷ് നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest