
കാസറഗോഡ്: കാസറഗോഡ് നഗരസഭ പുതിയ ഭരണസമിതിയിലേക്കുള്ള അംഗങ്ങളുടെ സത്യപ്രതിജ്ഞ പൂർത്തിയായി. 39 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നഗരസഭാ കോൺഫ്രൻസ് ഹാളിലായിരുന്നു ചടങ്ങ്. രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചടങ്ങിൽ വരണാധികാരയയായ ഹരികൃഷ്‌ണൻ മുതിർന്ന അംഗം 27 ആം വാർഡിൽ നിന്നുമുള്ള കെ.എം ഹനീഫിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പിന്നീട് ഓരോ അംഗങ്ങൾക്കും കെ.എം ഹനീഫ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വാർഡ് ക്രമ നമ്പർ പ്രകാരമാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചൊല്ലിയത്. അംഗങ്ങളിൽ കൂടുതൽ പേരും മലയാളത്തിലും കന്നടയിലും മറ്റുള്ളവർ ഇംഗ്ലീഷിലും തുളുവിലും സംസ്‌കൃതത്തിലും സത്യപ്രതിജ്ഞ ചൊല്ലി. അല്ലാഹുവിൻ്റെ നാമത്തിലും ദൈവ നാമത്തിലും ഈശ്വര നാമത്തിലും സത്യപ്രതിജ്ഞ ചൊല്ലിയവരും
ദൃഡ പ്രതിജ്ഞ ചെല്ലിയവരെയും കാണാനായി. ദൈവ കുലങ്ങളുടെ നാമത്തിലും ശബരിമല ശാസ്താവിൻ്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തവരും കാസറഗോഡ് നഗരസഭയിലുണ്ട്. തിങ്ങി നിറഞ്ഞ വലിയ ജനക്കൂട്ടത്തിന് മുന്നിലായിരുന്നു അംഗങ്ങൾ സത്യപ്രതിജ്ഞ ചൊല്ലി അധികാരം ഏറ്റടുത്തത്. തുടർന്ന് അംഗങ്ങളുടെ ആദ്യ യോഗം ചേർന്നു. മുതിർന്ന അംഗം കെ എം ഹനീഫ അധ്യക്ഷനായി. നഗരസഭാ സെക്രട്ടറി കാര്യങ്ങൾ ഏകോപിപ്പിച്ചു.
