Trending News





ദില്ലി: മാധ്യമപ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ നിന്നുള്ള പ്രാദേശിക വാർത്താ ചാനൽ റിപ്പോർട്ടറായ മുകേഷ് ചന്ദ്രാകറാണ് മരിച്ചത്. 28 വയസായിരുന്നു. ഇദ്ദേഹം NDTV ക്ക് വേണ്ടിയും സ്വതന്ത്ര മാധ്യമ പ്രവർത്തനം നടത്തിവന്നിരുന്നു. അടുത്തിടെ മുകേഷ് റിപ്പോർട്ട് ചെയ്ത അഴിമതി വാർത്തയിൽ കുറ്റാരോപിതനായ കരാറുകാരൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ സെപ്റ്റിക് ടാങ്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുകേഷിനെ ജനുവരി ഒന്നിനാണ് കാണാതായത്. മാവോയിസ്റ്റ് സ്വാധീന മേഖലയായ ബസ്തറിൽ റോഡ് നിർമ്മാണത്തിൽ 120 കോടിയുടെ അഴിമതി നടന്നെന്ന് മുകേഷ് അടുത്തിടെയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. വാർത്തക്ക് പിന്നാലെ സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സുരേഷ് എന്ന കരാറുകാരനെതിരെയാണ് അന്വേഷണം. സുരേഷിന്റെ ഉടമസ്ഥതയിൽ നടക്കുന്ന സകല പ്രവർത്തനങ്ങളും അന്വേഷിക്കാനായിരുന്നു ഉത്തരവ്. ഇതിൽ പ്രകോപിതരായ കരാറുകാരൻ റിപ്പോർട്ടറെ കൊലപ്പെടുത്തുകയാണുണ്ടായത്. സുരേഷ് ചന്ദ്രാകറിൻ്റെ അനുജൻ റിതേഷുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് റിപ്പോർട്ടർ മുകേഷ് ചന്ദ്രാകറിനെ കാണാതായതെന്ന് സഹോദരൻ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുരേഷിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്. സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ഫോൺ ലൊക്കേഷൻ വിവരങ്ങളുമാണ് കേസിൽ നിർണായകമായതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ സുരേഷ് ചന്ദ്രാകറെയും സഹോദരൻ റിതേഷിനെയും പോലീസ് അറസ്റ്റ് ചെയ്തു.
Also Read

Sorry, there was a YouTube error.