
കാസർകോട്: തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഹെല്‍ത്ത് ഗ്രാന്‍റ് 12 ലക്ഷം രൂപ ചെലവില്‍ നിലവിലുള്ള ലാബില്‍ ആധുനിക സൗകര്യമൊരുക്കി. ആധുനീകരിച്ച ലാബിന്‍റെ ഉല്‍ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.കെ ബാവ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ആയിറ്റി അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സഹദ് ബിന്‍ ഉസ്മാന്‍ സ്വാഗതം പറഞ്ഞു. ആരോഗ്യ മേഖലയില്‍ ഗ്രാമപഞ്ചായത്ത് വലിയ പരിഗണനയാണ് നല്‍കുന്നതെന്നും ഈ മേഖലയില്‍ കഴിഞ്ഞ കാലങ്ങളില്‍ ഒട്ടേറെ ഫണ്ടുകള്‍ വിനിയോഗിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം ഒന്നരക്കോടി രൂപയാണ് ആരോഗ്യ മേഖലയില്‍ പഞ്ചായത്ത് ചെലവഴിക്കുന്നത്. കേന്ദ്ര -സംസ്ഥാന സര്‍ക്കാര്‍ മേഖലകളില്‍ നിന്നും ലഭിക്കുന്ന ഫണ്ടുകള്‍ പരമാവധി ഉപയോഗപ്പെടുത്തി ജനങ്ങളുടെ ആരോഗ്യത്തില്‍ മുന്തിയ പരിഗണനയാണ് പഞ്ചായത്ത് നല്‍കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
ആധുനിക സൗകര്യമുള്ള ലാബ് ഒരുക്കിയതോടെ ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ലാബില്‍ നിന്നും രക്ത പരിശോധന നടത്തുവാന്‍ സാധിക്കുന്നു. നമസ്‌തെ മാത്രമായ തുകയാണ് ഈടാക്കുന്നത്. ഉദ്‌ഘാടന ചടങ്ങിൽ ജനപ്രതിനിധികളായ കെ.വി കാര്‍ത്ത്യായനി, ഫായിസ് ബീരിച്ചേരി, എം അബ്ദുള്‍ ശുക്കൂര്‍, എം കെ ഹാജി, കെ വി രാധ, എച്ച്.എം.സി മെമ്പര്‍ എ.ജി ബഷീര്‍, ഡി.എല്‍.ഒ സതീശന്‍ കെ എന്നിവര്‍ സംബന്ധിച്ചു.
