
കാസറഗോഡ്: ജില്ലാ ശുചിത്വമിഷനും കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ ഭരണകൂടവുമായി സഹകരിച്ച് 2025 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഹരിത ചട്ടങ്ങൾ ഉറപ്പാക്കുന്നതിനുള്ള ഹരിത സന്ദേശയാത്ര ജില്ലാ കളക്ടർ കെ ഇമ്പശേഖർ കളക്ടറേറ്റ് പരിസരത്ത് ഫ്ലാഗ് ഓഫ് ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ വിവിധ കേന്ദ്രങ്ങളിൽ അവതരിപ്പിക്കുന്ന ഫ്ലാഷ് മോബിനും തുടക്കമായി. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ആർ ഷൈനി, ഡപ്യൂട്ടി ഡയറക്ടർ കെ.വി ഹരിദാസ്, ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ പി.എം ജയൻ, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ രതീഷ് കുമാർ, തുടങ്ങിയവർ സംസാരിച്ചു.
തിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചുകൊണ്ട് മാത്രമായിരിക്കണമെന്ന അവബോധവുമായി
ഭരണകൂടത്തിൻ്റെയും ശുചിത്വമിഷൻ്റെയും നേതൃത്വത്തിൽ കുടുംബശ്രീ ജില്ലാ മിഷനുമായി സഹകരിച്ചാണ് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും പ്രചരണ പരിപാടി നടത്തുന്നത്. കോളേജുകളിലും കുടുംബശ്രീ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. രാഷ്ട്രീയപാർട്ടികൾക്കും പൊതുജനങ്ങൾക്കുമിടയിൽ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിൽ ഹരിതചട്ടം പാലിക്കണമെന്ന മുഖ്യ പരിഗണന ഉണ്ടാക്കുന്നതിനും പ്രായപൂർത്തിയായ മുഴുവനാളുകളും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ പ്രചാരണ പ്രവർത്തനത്തിലൂടെ ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.
ഫ്ലാഷ് മോബിൽ കുടുംബശ്രീ ഓക്സിലറി അംഗങ്ങളും സപ്പോർട്ടിംഗ് ടീം അംഗങ്ങളുമായ
വിനിഷ കുമ്പള, ലാവണ്യ കുമ്പള, നിരഞ്ജന കുമ്പള, നിവേദിത കുമ്പള, ശ്വേത കുമ്പള, നിമ്മ്യമോൾ ബേഡഡുക്ക, അഞ്ജന പടന്ന, അശ്വതി പടന്ന, ദീപ്തി അടൂർ, മിഥുനാക്ഷി പഞ്ചിക്കൽ, ആശ കർമ്മന്തോടി, സനുഷ ചെമ്മനാട്, ഗഗന ചെമ്മനാട് എന്നിവർ പങ്കെടുത്തു. കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജർമാരായ ഷിബി കോർഡിനേറ്ററും, രേഷ്മ മാനേജറുമായി ഫ്ലാഷ് മോബ് പ്രചരണ പ്രവർത്തനങ്ങൾ ഏകോപ്പിച്ചു വരുന്നു.
