Categories
Kerala national news trending

ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം വരുത്തി മോട്ടർ വാഹന വകുപ്പ്; ചോദ്യങ്ങൾ 30, ഡ്രൈവിങ് സ്‌കൂള്‍ പരിശീലകര്‍ക്കും പരീക്ഷ; ഉദ്യോഗസ്ഥരും റോഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് പരീക്ഷ പാസാകണം; മാറ്റങ്ങൾ കൂടുതൽ അറിയാം..

തിരുവനന്തപുരം: ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം വരുത്തി മോട്ടർ വാഹന വകുപ്പ്. ഓൺലൈൻ വഴിയുള്ള പരീക്ഷയിൽ നിലവിലെ 20 ചോദ്യത്തിനു പകരം ഇനി 30 ചോദ്യങ്ങളുണ്ടാകും. ജയിക്കാൻ 18 ഉത്തരങ്ങൾ ശരിയായിരിക്കണം. ഓരോ ഉത്തരം മാർക്ക് ചെയ്യാൻ 30 സെക്കൻഡുകൾ നൽകും. പുതിയ സമ്പ്രദായം ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. റോഡ് നിയമങ്ങളെ കുറിച്ച് ഡ്രൈവർമാരിൽ കൂടുതൽ അറിവുണ്ടാക്കുക എന്നത് ലക്ഷ്യമിട്ടാണ് കൂടുതൽ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി. നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണം ശരിയായാൽ ടെസ്റ്റ് വിജയിക്കുമായിരുന്നു. ഒരു ചോദ്യം എഴുതാനുള്ള സമയം പതിനഞ്ച് സെക്കൻഡുമായിരുന്നു.

പുതിയ എം.വി.ഡി ലീഡ്‌സ് മൊബൈല്‍ ആപ്പില്‍ സിലബസ് ഉണ്ടാകും. പരിശീലന പരീക്ഷ എഴുതാനുളള സൗകര്യവും ആപ്പിലുണ്ടാകും. ആപ്പിലെ മോക്ക് ടെസ്റ്റുകള്‍ വിജയിക്കുന്നവര്‍ക്ക് റോഡ് സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കാര്യവും ഗതാഗതവകുപ്പ് ആലോചിക്കുന്നുണ്ട്. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് കെ.എസ്ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ കണ്‍സഷന്‍ ലഭിക്കുന്ന സൗകര്യവും ഏര്‍പ്പെടുത്തും എന്നാണ് വിവരം. മോട്ടര്‍ ഡ്രൈവിങ് സ്‌കൂള്‍ പരിശീലകര്‍ എം.വി.ഡി ലീഡ്‌സ് ആപ്പ് പരീക്ഷ പാസാകണമെന്നതും നിർബന്ധമാക്കുകയാണ്. കൂടാതെ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും റോഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് പരീക്ഷ പാസാകണം. സര്‍വീസ് ആനുകൂല്യങ്ങളെ ഇതു ബാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest