രാജ്യത്തുടനീളം നായ്ക്കളുടെ ആക്രമണം കൂടുന്നു; തെരുവുനായ്ക്കളെ കൊല്ലണമെന്ന ആവശ്യം എന്തുകൊണ്ട്, കൂടുതൽ അറിയാം

You are currently viewing രാജ്യത്തുടനീളം നായ്ക്കളുടെ ആക്രമണം കൂടുന്നു; തെരുവുനായ്ക്കളെ കൊല്ലണമെന്ന ആവശ്യം എന്തുകൊണ്ട്, കൂടുതൽ അറിയാം

മനുഷ്യര്‍ക്കും വളര്‍ത്തു മൃ​ഗങ്ങള്‍ക്കുമൊക്കെ നായ്ക്കളുടെ കടിയേല്‍ക്കുന്ന സംഭവങ്ങള്‍ അടുത്ത കാലത്ത് ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നായ്ക്കള്‍ ആളുകളെ ആക്രമിക്കുന്നതിൻ്റെ ഭീതിജനകമായ പല ദൃശ്യങ്ങളും പുറത്തു വരുന്നുമുണ്ട്. ഇതോടെ ഈ വിഷയം വീണ്ടും സജീവ ചര്‍ച്ചയായിരിക്കുകയാണ്. വിഷയം സുപ്രീം കോടതിയുടെയും പരി​ഗണനയിലാണ്.

രാജ്യത്ത് സംഭവിക്കുന്നത്

തൻ്റെ സ്വകാര്യഭാഗങ്ങളില്‍ നായ കടിച്ചു എന്ന് ഒരാള്‍ പരാതിയുമായി എത്തിയതിനെ തുടര്‍ന്ന്, ലഖ്‌നൗവില്‍ നായയുടെ ഉടമയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു. ശങ്കര്‍ പാണ്ഡെ എന്നയാളുടെ നായ തൻ്റെ സ്വകാര്യ ഭാഗങ്ങളില്‍ കടിച്ചതായി സങ്കല്‍പ് നിഗ എന്നയാള്‍ ​​പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.

”എൻ്റെ ശരീരത്തില്‍ നിന്നും ധാരാളം രക്തം പുറത്തു വരാന്‍ തുടങ്ങി. പ്രാഥമിക ശുശ്രൂഷ നല്‍കാനായി അടുത്തുള്ള ലോക് ബന്ധു ആശുപത്രിയില്‍ എത്തി. പിന്നീട് തുടര്‍ ചികിത്സയ്ക്കായി എന്നെ കെ.ജി.എം.യുവിലേക്ക് മാറ്റി. നായയുടെ ആഴത്തിലുള്ള കടി എൻ്റെ മൂത്രാശയ ട്യൂബിനെ ബാധിച്ചെന്നും സുഖപ്പെടാന്‍ ഏറെ സമയമെടുക്കുമെന്നും അവിടെയുള്ള ഡോക്ടര്‍മാര്‍ എന്നോട് പറഞ്ഞു”, എന്നും സങ്കല്‍പ് നിഗ പരാതിയില്‍ പറയുന്നു.

ഗാസിയാബാദിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. രാജ് നഗര്‍ എക്സ്റ്റന്‍ഷനിലെ ഒരു ഹൗസിംഗ് സൊസൈറ്റിയുടെ ലിഫ്റ്റില്‍ വെച്ച്‌ ഒരു പിഞ്ചുകുഞ്ഞിനെ വളര്‍ത്തുനായ കടിച്ചതാണ് സംഭവം. ഈ സംഭവത്തില്‍ നായയുടെ ഉടമയുടെ പെരുമാറ്റത്തെയും നിരവധി പേര്‍ വിമര്‍ശിച്ചിരുന്നു. നായ കുട്ടിയെ കടിച്ചതിന് ശേഷവും യാതൊരു പ്രതികരണവും കൂടാതെ നില്‍ക്കുകയായിരുന്നു ഉടമ. ലിഫ്റ്റിനുള്ളില്‍ വെച്ച്‌ ഒരു നായ യുവാവിനെ ആക്രമിക്കുന്ന വീഡിയോ നോയിഡയില്‍ നിന്നും അടുത്തിടെ പുറത്ത് വന്നിരുന്നു. ഒരു മെഡിക്കല്‍ സ്റ്റോറിലെ ഡെലവറി ബോയ്ക്കാണ് കടിയേറ്റത്.

പിറ്റ്ബുള്‍ ആക്രമണങ്ങള്‍

ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും സമാനമായ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗാസിയാബാദിലെ ഒരു പാര്‍ക്കില്‍ നടക്കുന്നതിനിടെ ഒരു പിറ്റ്ബുള്‍ അതിന്റെ ഉടമയുടെ അടുക്കല്‍ നിന്നോടി 10 വയസുള്ള കുട്ടിയെ ആക്രമിച്ച വാര്‍ത്ത ഈ മാസമാദ്യം പുറത്തു വന്നിരുന്നു. ഗാസിയാബാദിലെ ലോനിയില്‍ ആറുവയസുകാരനെതിരെയും ഗുഡ്ഗാവില്‍ ഒരു സ്ത്രീയെക്കെതിരെയും പിറ്റ്ബുള്‍ ആക്രമണം ഉണ്ടായിരുന്നു.

ലഖ്‌നൗവില്‍ നിന്നുള്ള സമാനമാ ഒരു വാര്‍ത്തയും നടുക്കത്തോടെയാണ് രാജ്യം കേട്ടത്. 82 കാരനായ ഉടമയെ പിറ്റ്ബുള്‍ ആക്രമിച്ചു കൊന്നതായിരുന്നു വാര്‍ത്ത. പൊതുവേ ആക്രമണകാരിയായ ഇനം ആണ് പിറ്റ്ബുള്‍സ് എന്ന് വിദ​ഗ്ധര്‍ പറയുന്നു. മറ്റിനങ്ങളെ അപേക്ഷിച്ച്‌ വ്യത്യസ്‌തമായ പരിചരണം ആവശ്യമുള്ള നായ്ക്കളാണ് പിറ്റ്ബുള്‍ എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

”ഇത്തരം നായ്ക്കളെ വളര്‍ത്തുന്ന പലരും അവയെ കെട്ടിയിടുകയാണ് ചെയ്യാറ്. വലിയ ഊര്‍ജമുള്ള, ആക്രമണകാരികളായ നായ്ക്കളാണ് പിറ്റ്ബുള്‍. എന്നാല്‍ ഇവയെക്കുറിച്ച്‌ ഉടമസ്ഥരില്‍ പലരും അജ്ഞതരാണ്. ഈ അജ്ഞത പലപ്പോഴും വലിയ പ്രശ്നങ്ങളിലാണ് അവസാനിക്കാറ്. അവയ്ക്ക് വ്യത്യസ്ത രീതിയിലുള്ള പരിചരണം ആവശ്യമാണ്. ഇത് ലഭിക്കാത്തപ്പോള്‍, അവര്‍ ആക്രമണകാരികളായിത്തീരും”, പെറ്റ് ബിഹേവിയറിസ്റ്റ് ആയ ആരോണ്‍ ഡിസില്‍വ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

ആരാണ് ഉത്തരവാദി?

ഗാസിയാബാദിലും ഗുഡ്ഗാവിലും നടന്ന ഇത്തരം കേസുകളില്‍ നായ്ക്കളുടെ ഉടമകളെ കസ്റ്റഡിയിലെടുത്തിരുന്നു. മൃഗങ്ങളോടുള്ള അശ്രദ്ധമായ പെരുമാറ്റത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഐപിസി സെക്ഷന്‍ 289 പ്രകാരം ഉടമകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതു പ്രകാരം ഇവര്‍ക്ക് തടവോ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടും ഒന്നിച്ചോ ശിക്ഷയായി ലഭിക്കാം.

അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ മാര്‍​ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്‌, ​​ വളര്‍ത്തുമൃഗങ്ങളെ ലിഫ്റ്റിലോ എലിവേറ്ററുകളിലോ കൊണ്ടുപോകുന്നതില്‍ നിന്ന് നിന്ന് ഉടമകളെ വിലക്കാനാവില്ല. ഉടമകള്‍ക്ക് അവരുടെ വളര്‍ത്തുമൃഗങ്ങളെ പൊതു സ്ഥലങ്ങളില്‍ കൊണ്ടുപോകുകയും ചെയ്യാം. എന്നാല്‍, പിറ്റ്ബുള്ളിൻ്റെ സ്വഭാവം ലാബ്രഡോര്‍ അല്ലെങ്കില്‍ റിട്രീവര്‍ എന്നീ ഇനങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായതിനാല്‍ ഈ ഇനത്തിന്റെ ആവശ്യകത അനുസരിച്ച്‌ നായയെ പരിശീലിപ്പിക്കുന്നത് നല്ലതാണെന്ന് വിദ​ഗ്ധര്‍ പറയുന്നു.

വളര്‍ത്തുനായ്ക്കളെ പൗരസമിതിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷൻ്റെ നിയമമെന്ന് കോര്‍പ്പറേഷൻ്റെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു. പക്ഷേ പല താമസക്കാരും തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ രജിസ്റ്റര്‍ ചെയ്യാന്‍ വിമുഖത കാണിക്കുന്നതായും ഉദ്യോ​ഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷൻ്റെ കണക്കനുസരിച്ച്‌, ലോകത്തിലെ റാബിസ് മരണങ്ങളില്‍ 36 ശതമാനവും ഇന്ത്യയിലാണ്. പ്രതിവര്‍ഷം 18,000 മുതല്‍ 20,000 വരെ റാബിസ് മരണങ്ങള്‍ രാജ്യത്ത് സംഭവിക്കാറുണ്ടെന്നും ലഭ്യമായ കണക്കുകള്‍ സൂചിപ്പിക്കുന്നു.

കോടതി നിലപാട്

ജനങ്ങളുടെ സുരക്ഷയും മൃഗങ്ങളുടെ അവകാശങ്ങളും തമ്മില്‍ ഒരു സന്തുലിതാവസ്ഥ ഉണ്ടാകേണ്ടതുണ്ടെന്നും തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്ന ആളുകള്‍ക്ക് വാക്സിനേഷന്‍ നല്‍കണമെന്നും വളര്‍ത്തു മൃ​ഗങ്ങള്‍ ആരെങ്കിലും ആക്രമിച്ചാല്‍ ചികില്‍സാ ചെലവ് ഉടമകള്‍ വഹിക്കണമെന്നും അടുത്തിടെ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. തെരുവ് നായ പ്രശ്നം പരിഹരിക്കാന്‍ യുക്തിസഹമായ പരിഹാരം കാണണമെന്ന് പറഞ്ഞ സുപ്രീം കോടതി വിഷയം സെപ്റ്റംബര്‍ 28 ന് വാദം കേള്‍ക്കാന്‍ മാറ്റി. വിഷയത്തില്‍ മറുപടി നല്‍കാന്‍ കക്ഷികളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

പലയിടങ്ങളിലും ഭീഷണിയായി മാറിയ തെരുവ് നായ്ക്കളെ കൊല്ലുന്നത് സംബന്ധിച്ച്‌ വിവിധ പൗരസമിതികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഈ സംഭവങ്ങളില്‍ ഭൂരിഭാ​ഗവും കേരളത്തിലും മുംബൈയിലുമാണ്. തെരുവ് നായ്ക്കളുടെ ശല്യം നിയന്ത്രിക്കാന്‍ മുനിസിപ്പല്‍ അധികാരികളെ അനുവദിക്കണമെന്ന് ബോംബെ ഹൈക്കോടതിയും കേരള ഹൈക്കോടതിയും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവുകള്‍ക്കെതിരെ ചില എന്‍ജിഒകളും വ്യക്തിഗത ഹര്‍ജിക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

കേരളത്തിലെ സാഹചര്യം

അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാന്‍ കേരളം സുപ്രീം കോടതിയുടെ അനുമതി തേടുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി തെരുവ് നായ്ക്കളുടെ ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്. ഇക്കാര്യത്തില്‍ സുപ്രീം കോടതി കേരളത്തിന്റെ നിര്‍ദേശം ആരാഞ്ഞിരുന്നു.

പേവിഷ ബാധയ്‌ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്തിട്ടും രണ്ടുപേര്‍ മരിച്ച സംഭവം സംസ്ഥാനത്ത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. കേരളത്തില്‍ ഏകദേശം മൂന്നു ലക്ഷത്തോളം തെരുവ് നായ്ക്കള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരുവു നായ്ക്കളുടെ ശല്യത്തിന് ദീര്‍ഘകാല പരിഹാരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലെ തെരുവുനായ ശല്യം അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സിയില്‍ വരെ ചര്‍ച്ചയായിരുന്നു. (Courtessy: News 18 Malayalam)

0Shares