കാസറഗോഡ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ ഉടലെടുത്ത പ്രശ്നങ്ങൾ ഗുരുതരം; പണം വാങ്ങി സീറ്റ് നൽകി എന്ന ആരോപണം തെളിയിക്കാൻ വെല്ലുവിളി; ഡി.സി.സി ഉപാധ്യക്ഷൻ രാജിവെച്ചു; ഈസ്റ്റ് ഏളേരി പഞ്ചായത്ത് തർക്കം യു.ഡി.എഫിനും തലവേദന..

You are currently viewing കാസറഗോഡ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ ഉടലെടുത്ത പ്രശ്നങ്ങൾ ഗുരുതരം; പണം വാങ്ങി സീറ്റ് നൽകി എന്ന ആരോപണം തെളിയിക്കാൻ വെല്ലുവിളി; ഡി.സി.സി ഉപാധ്യക്ഷൻ രാജിവെച്ചു; ഈസ്റ്റ് ഏളേരി പഞ്ചായത്ത് തർക്കം യു.ഡി.എഫിനും തലവേദന..

കാസറഗോഡ്: ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ ഉടലെടുത്ത പ്രശ്നങ്ങൾ മറനീക്കി പുറത്ത് വന്നു. ഡി.സി.സി. ഉപാധ്യക്ഷനായ ജെയിംസ് പന്തമാക്കൽ ഡി.സി.സി അധ്യക്ഷനായ പി.കെ ഫൈസലിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചു. കാസറഗോഡ് പ്രസ് ക്ലബ്ബിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് നാടകീയ നീക്കങ്ങൾ അരങ്ങേറിയത്. തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ഉടലെടുത്ത അഭിപ്രായ ഭിന്നതയാണ് രൂക്ഷ തർക്കത്തിലേക്കും ഒടുവിൽ രാജിയിലേക്കും നീങ്ങിയത്. ഡി.സി.സി ഉപാധ്യക്ഷ സ്ഥാനം രാജിവെച്ചതായി അറിയിച്ച ജെയിംസ് പന്തമാക്കൽ അധ്യക്ഷനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചു. ഈസ്റ്റ് ഏളേരി പഞ്ചായത്തിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് രാജിയിൽ കലാശിച്ചത്.

ഡി.സി.സി അധ്യക്ഷനായ പി.കെ. ഫൈസൽ പണം വാങ്ങി സീറ്റ് നൽകി എന്ന ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ഈസ്റ്റ് എളേരി പഞ്ചായത്തിലെ 18 സീറ്റുകൾ ഡി.സി.സി. അധ്യക്ഷൻ പണം വാങ്ങി ഡീൽ ചെയ്തു എന്ന് പന്തമാക്കൽ ആരോപിച്ചു. ഫൈസൽ പാർട്ടിയെ നശിപ്പിക്കുമെന്നും ജെയിംസ് പറഞ്ഞു. ‘ഭാരവാഹിയാകാൻ 25,000 രൂപ മുതൽ വാങ്ങുന്നു. എത്ര പണം കിട്ടി എന്നത് പി.കെ ഫൈസലിനോട് ചോദിക്കണം. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഡി.സി.സി. ഓഫീസിൽ നടന്ന കയ്യാങ്കളി ആസൂത്രിതമാണെന്നും അതിന് പിന്നിലും ഡി.സി.സി. അധ്യക്ഷൻ തന്നെയാണെന്നും ജെയിംസ് ആരോപിച്ചു. അതേസമയം ഡി.സി.സി അധ്യക്ഷൻ ആരോപണങ്ങൾ നിഷേധിച്ചു. ജെയിംസ് പന്തമാക്കൽ പാർട്ടിക്ക് തലവേദനയാണെന്ന് പി.കെ. ഫൈസൽ മാധ്യമങ്ങളോട് പറഞ്ഞു. ജെയിംസ് പന്തമാക്കൽ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ താൻ വെല്ലുവിളിക്കുകയാണെന്നും ഫൈസൽ പറഞ്ഞു. ജെയിംസ് കോൺഗ്രസിലേക്ക് തിരിച്ച് വന്നത് മുതൽ പാർട്ടിയുടെ തലവേദനയായി മാറിയതാണ്. ഈ വിഷയത്തിൽ കെ.പി.സി.സിക്ക് ഉടൻ റിപ്പോർട്ട് നൽകുമെന്നും സംഭവം നേതൃത്വം അന്വേഷിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ ജെയിംസ് പന്തമാക്കൽ ഡി.ഡി.എഫ്. എന്ന സംഘടനയുണ്ടാക്കിയിരുന്നു. പിന്നീട് ചർച്ചകൾക്കൊടുവിൽ കഴിഞ്ഞ 2022ലാണ് ജെയിംസ് ഉൾപ്പെടെയുള്ള ഏഴുപേർ കോൺഗ്രസിലേക്ക് തിരിച്ചെത്തിയത്. ഈസ്റ്റ് എളേരി പഞ്ചായത്തിൽ ഇവർ സമ്പൂർണ്ണ ആധിപത്യം ഉറപ്പിക്കുന്നതാണ് മറ്റുള്ളവരെ പ്രകോപിപ്പിക്കുന്നത്. സീറ്റ് വിഭജന തർക്കം കയ്യാങ്കളിയിൽ എത്തിയതും ഇതേ തുടർന്നാണ്. ഈസ്റ്റ് ഏളേരി പഞ്ചായത്തിലെ സീറ്റ് വിഭജന തർക്കമാണ് ഡി.സി.സി. ഓഫീസിൽ കയ്യാങ്കളിയിലേക്ക് എത്തിയത്. ഈ തർക്കത്തെ തുടർന്ന് ജെയിംസ് പന്തമാക്കലും കോൺഗ്രസിൻ്റെ കർഷക സംഘടനയായ ഡി.കെ.ടി.എഫിൻ്റെ ജില്ലാ പ്രസിഡൻ്റായ വാസുദേവനുമാണ് ഏറ്റുമുട്ടിയത്. പുതിയ സംഭവ വികാസം തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും എന്നതും കണ്ടറിയണം. സംഭവം ഈ തെരഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫിനും തലവേദനയാവുകയാണ്.

0Shares