
കാസറഗോഡ്: കേരളത്തിലെ ഗവേഷകർ പശ്ചിമഘട്ട ഭൂപ്രദേശത്തുനിന്ന് പുതിയൊരു തദ്ദേശീയ കിഴങ്ങ് ഇന്നത്തെ കണ്ടെത്തി. ഇത്തരം വന്യ ഭക്ഷ്യ ഇനങ്ങളെ കുറിച്ച് എം.എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ നിന്നും ഭാരതരത്ന ഡോ. സ്വാമിനാഥൻ്റെയും ഡോ. എൻ.അനിൽ കുമാറിൻ്റെയും ശിക്ഷണത്തിൽ ഗവേഷണം നടത്തിയ ജൈവ വൈവിധ്യ ഗവേഷകനും, കേരള പോലീസിൽ സീനിയർ ഗ്രേഡ് DYSPയുമായ, നിലവിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണനോടുള്ള ആദരസൂചകമായി ഈ പുതിയ ഇനത്തിന് ഡയോസ്കോറിയ ബാലകൃഷ്ണനി (Dioscorea balakrishnanii) എന്ന് നാമകരണം നൽകി. ഇത് രണ്ടാം തവണയാണ് ഒരു സസ്യം ഡോ. ബാലകൃഷ്ണൻ്റെ പേരിൽ അറിയപ്പെടുന്നത്. വയനാടൻ മലനിരകളിൽ നിന്നും കണ്ടെത്തിയ ടൈലോഫോറ ബാലകൃഷ്ണനി എന്നതായിരുന്നു. ആദ്യത്തെ അപൂർവ്വ ഇനം. സസ്യത്തിൻ്റെ പേരിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ അനശ്വരൻ ആകുന്നത് രാജ്യത്ത് ആദ്യമായിട്ടായിരിക്കും. കാസർഗോഡ് ജില്ലയിലെ അരവത്ത് സ്വദേശിയും പ്രശസ്ത കഥകളി ആചാര്യനായിരുന്ന നാട്യ രത്നം കണ്ണൻ പാട്ടാളി ആശാൻ്റെ ഇളയ മകനുമാണ് ബാലകൃഷ്ണൻ പാട്ടാളി. ഭാര്യ സുധ ഉദുമ ഹയർസെക്കൻഡറി സ്കൂൾ ടീച്ചറും സ്പൈഡർ ഗവേഷകയും ആണ്, മക്കൾ ധ്യാൻ, തീർത്ത.
പശ്ചിമഘട്ട മലനിരകളിലെ വയനാടൻ ഭൂപ്രദേശങ്ങൾ, തനതായ ഭക്ഷ്യ യോഗ്യമായ കിഴങ്ങിനങ്ങളാൽ സമ്പന്നമാണ്. സാധാരണയായി കൃഷിചെയ്യുന്ന കാച്ചിൽ അഥവാ കാവത്ത് എന്നറിയപ്പെടുന്ന കിഴങ്ങുകളുടെ വന്യ ബന്ധുക്കളാണ് ഡയോസ്‌കോറിയ ഇനത്തിൽപ്പെട്ട കിഴങ്ങുകൾ. ഡയോസ്കോറിയേസി (Dioscoreaceae) എന്ന സസ്യകുടുംബത്തിൽപ്പെട്ട ഇവയിൽ, പുതുതായി കണ്ടെത്തിയ ഡയോസ്കോറിയ ബാലകൃഷ്ണനി ഉൾപ്പെടെ 14-ൽ അധികം ഇനങ്ങളിലായി ഏകദേശം 23 വ്യത്യസ്ത വൈവിധ്യത്തെയും വയനാട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ കാട്ടുകാച്ചിൽ കൂടാതെ ആരേസീയ കുടുംബത്തിൽപ്പെട്ട കാട്ടുചേനകളും കാട്ടുചേമ്പിലെ ഇനങ്ങളും ഏറെ പ്രധാനപ്പെട്ടവയാണ്. ഈ കിഴങ്ങുകൾ ആദിമ സമൂഹങ്ങളുടെ പ്രധാന ഭക്ഷണ സ്രോതസ്സുകളാണ്. ഇവയിൽ ചിലത് വിഷമുള്ളവയും, ചിലത് ഔഷധഗുണമുള്ളവയും, മറ്റു ചിലത് ഭക്ഷ്യയോഗ്യവുമാണ്.

ഓരോ കിഴങ്ങിനും അതിൻ്റെ രൂപം, നീളം, നിറം, ഇല, മുള്ളുകൾ, വള്ളികൾ, രുചി, നാരുകൾ തുടങ്ങിയവയുടെ പ്രത്യേകതകൾക്കനുസരിച്ച് തനതായ നാടൻ പേരുകളുണ്ട്. മഞ്ഞനൂറ, നാര, നെയ്യ് നൂറ, വെള്ള നൂറ, നോക്കപ്പ, നാരക്കവല,വെണ്ണി, കവലക്കിഴങ്ങ്, ഹെക്ക് എന്നിവയെല്ലാം ഇവയിലെ വ്യത്യസ്ത ഇനങ്ങളാണ്. നിത്യഹരിത ചോല വനങ്ങളോട് ചേർന്ന പ്രദേശങ്ങലിൽ കണ്ടുവരുന്ന, ശാസ്ത്രലോകം ഇതുവരെ തിരിച്ചറിയാത്ത ഒരു കിഴങ്ങായിരുന്നു ‘ചോല കിഴങ്ങ്’. ഈ കിഴങ്ങിനാണ് ഇപ്പോൾ ഡയോസ്കോറിയ ബാലകൃഷ്ണനി എന്ന് നാമകരണം ചെയ്തിരിക്കുന്നത്. ആൺ പെൺ ഇനങ്ങൾ ഉള്ളതിനാൽ കഴിഞ്ഞ പത്തു വർഷമായി ഈ ചെടിയെ നിരന്തരം നിരീക്ഷിച്ചു പൂക്കളുടെ വ്യത്യാസങ്ങൾ അടക്കം രേഖപ്പെടുത്തി പുതിയ ഇനമായി കണ്ടെത്തിയത് വയനാട് എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ പിച്ചൻ എം.സലിം, ആലപ്പുഴ സനാതനധർമ്മ കോളേജിലെ ബോട്ടണി അസി. പ്രൊഫസർ ഡോ. ജോസ് മാത്യു, തിരുവനന്തപുരം കേരള കാർഷിക സർവകലാശാലയിലെ അസി. പ്രൊഫസർ ഡോ. എം.എം. സഫീർ എന്നിവരാണ്. ഇതു സംബന്ധിച്ച പഠന റിപ്പോർട്ട് അന്താരാഷ്ട്ര ശാസ്ത്ര ജേണലായ ‘സ്പീഷീസ് (Species)’ ൻ്റെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തനതായ ആവാസവ്യവസ്ഥകളുടെ സംരക്ഷണതിലൂടെ തനത് വന്യ ബന്ധുക്കളുടെ പ്രാധാന്യം, ഭക്ഷ്യസുരക്ഷ, കാർഷിക വികസനം, ഔഷധ മേഖല എന്നിവയ്ക്ക് ഈ കിഴങ്ങുകൾ ഏറെ പ്രാധാന്യമുള്ളതാണ്. കൂടാതെ, വയനാടൻ ജൈവവൈവിധ്യം ഇനിയും പൂർണ്ണമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്നതിൻ്റെ ഒരു സൂചന കൂടിയാണിതെന്ന് ഡോ.ജോസ് മാത്യു അഭിപ്രായപെട്ടു.
