
കാസറഗോഡ്: കാസറഗോഡ് നഗരത്തിലെ പ്രധാന ട്രാഫിക്ക് സിഗ്നലായ പഴയ പ്രസ്സ് ക്ലബ്ബ് ജംഗ്ഷനില്‍ ആധുനിക സിഗ്നൽ സംവിധാനം ഒരുക്കി നഗരസഭ. ആധുനിക ട്രാഫിക് സിഗ്നല്‍ മിഴി തുറന്നത് വാഹന യാത്രക്കാർക്ക് ഏറെ പ്രയോജന പ്രദമാകും. പഴയ സിഗ്നൽ സംവിധാനം കാലപ്പഴക്കം കൊണ്ടും മറ്റുമായി തകരാറിലായി ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഇടയ്ക്കിടെ തകരാറിലാകുന്നത് കാരണം വലിയ ട്രാഫിക്ക് കുരുക്കിനും ഇത് വഴിവെച്ചിരുന്നു. സിഗ്നൽ തകരാറിലായ സമയങ്ങളിൽ അപകടങ്ങളും സംഭവിക്കാറുണ്ട്. ഇതിന് പരിഹാരമായാണ് പുതിയ സിഗ്നൽ സംവിധാനം ഒരുക്കിയത്. കാസര്‍കോട് നഗരത്തിൽ നടപ്പിലാക്കി വരുന്ന സൗന്ദര്യ വല്‍ക്കരണ പ്രവൃത്തികളുടെ ഭാഗം കൂടിയാണ് പുതിയ സിഗ്നൽ സംവിധാനം എന്നും ഇത് ജനങ്ങൾക്കുള്ള നഗരസഭയുടെ ഓണം സമ്മാനമാണെന്നും നഗരസഭാ അധ്യക്ഷൻ അബ്ബാസ് ബീഗം പറഞ്ഞു.
നഗരസഭ പരിഷ്കരിച്ച ട്രാഫിക് സിഗ്നല്‍ സംവിധാനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ്, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ ഖാലിദ് പച്ചക്കാട്, രജനി കെ, കൗണ്‍സിലര്‍മാരായ ലളിത, വിമലാ ശ്രീധര്‍, കാസര്‍കോട് എസ്.എച്ച്.ഒ നളിനാക്ഷന്‍, ട്രാഫിക് എസ്.ഐ സുധാകരന്‍, കെല്‍ട്രോണ്‍ പ്രതിനിധി പ്രശാന്ത്, കെ.എം ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭാ സെക്രട്ടറി അബ്ദുല്‍ ജലീല്‍ ഡി.വി നന്ദി പറഞ്ഞു.
ക്യാമറകളോടു കൂടിയ പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള conventional powered fully automatic ട്രാഫിക് സിഗ്നല്‍ സിസ്റ്റമാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. റോഡിൻ്റെ മദ്ധ്യത്തിലുണ്ടായിരുന്ന സിഗ്നല്‍ പോസ്റ്റ് എടുത്തു മാറ്റിയിട്ടുണ്ട്. കെല്‍ട്രോണാണ് പുതിയ ട്രാഫിക് സിഗ്നല്‍ സ്ഥാപിച്ചത്. ശേഷം വരുന്ന മെയിന്റനന്‍സ് പ്രവൃത്തികള്‍ ഗ്രാഫോണ്‍ ഇന്നൊവേറ്റീവ് ഡിജിറ്റൽ സൊലൂഷന്‍ എന്ന കമ്പനിക്കാണ് കരാര്‍ ലഭിച്ചിരിക്കുന്നത്. കാസര്‍കോട് നഗരത്തിൻ്റെ മുഖച്ഛായ തന്നെ മാറ്റുന്ന സൗന്ദര്യ വല്‍ക്കരണ പ്രവൃത്തികള്‍ ഇനിയും തുടരുമെന്ന് ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു.
