
ബെംഗളൂരു: ധർമസ്ഥല കേസ് അന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘത്തിൽ മാറ്റങ്ങൾക്ക് സാധ്യത. സംഘത്തിലെ ഏക വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ പിൻമാറിയതാണ് കാരണം. ഡി.സി.പി സൗമ്യലതയാണ് എസ്.ഐ.ടിയിൽ നിന്ന് പിൻമാറുന്നതായി കാണിച്ച് കത്ത് നൽകിയത്. വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാണിച്ചാണ് കത്ത്. സംഘത്തിലെ മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥനായ ഐ.ജി എം.എൻ അനുചേതും അനൗദ്യോഗികമായി അന്വേഷണത്തിന്‍റെ ഭാഗമാകാനില്ലെന്ന് ആഭ്യന്തരവകുപ്പിനെ അറിയിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ധർമസ്ഥല ക്ഷേത്രവുമായി ചുറ്റിപറ്റി നിലനിൽക്കുന്ന വിഷയമായതിനാൽ ഭക്തിയുടെ കാര്യവും മുന്നിൽ കണ്ടാകണം ഉദ്യോഗസ്ഥരുടെ പിന്മാറ്റം. അല്ലങ്കിൽ ഉന്നതങ്ങളിലെ ഇടപെടലാകാം ഇവരുടെ പിന്മാറ്റത്തിന് കാരണമെന്നും ചൂണ്ടികാണിക്കുന്നവരുണ്ട്. ഉദ്യോഗസ്ഥരുടെ പിന്മാറ്റം കാരണം ഇന്ന് മംഗളൂരുവിൽ എത്താനിരുന്ന അന്വേഷണ സംഘത്തിൻ്റെ യാത്ര വൈകാനാണ് സാധ്യത.
ഡി.സി.പി സൗമ്യലതയുടെ പിന്മാറ്റം അന്വേഷണത്തിന്‍റെ തുടർനടപടികളിലും ആശയക്കുഴപ്പമുണ്ടാക്കി. ഡി.ജി.പി പ്രണബ് കുമാർ മൊഹന്തി നേതൃത്വം നൽകുന്ന ഇരുപത്തിനാലംഗ അന്വേഷണസംഘത്തിൽ മറ്റൊരു വനിതാ ഉദ്യോഗസ്ഥയെ നിയമിക്കുമെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര അറിയിച്ചു. ബെൽത്തങ്കടിയിലെ ഐ.ബി ക്യാമ്പ് ഓഫീസാക്കിയാകും SIT സംഘം പ്രവർത്തിക്കുക. ഉത്തര കന്നഡ, ചിക്കമംഗളൂരു, ഉഡുപ്പി എന്നീ ജില്ലകളിൽ നിന്നടക്കമുള്ള ഇരുപത് ഉദ്യോഗസ്ഥരെക്കൂടി സംഘത്തിൽ ഉൾപ്പെടുത്തി കഴിഞ്ഞ ദിവസമാണ് ആഭ്യന്തരവകുപ്പ് ഉത്തരവ് പുറത്തിറക്കിയിരുന്നത്. വിപുലമായ അന്വേഷണം കേസിൽ ആവശ്യമാകുമെന്ന് കണ്ടാണ് അന്വേഷണസംഘം വിപുലീകരിച്ചത്. കർണാടകയിലെ ഏതെങ്കിലും സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത മിസ്സിംഗ് കേസുകൾ ആവശ്യമെങ്കിൽ ഏറ്റെടുത്ത് അന്വേഷിക്കാൻ SIT സർക്കാർ അധികാരം നൽകിയിട്ടുണ്ട്.
