വീരമലക്കുന്നിലുണ്ടായത് ഷിരൂർ മോഡൽ വലിയ അപകടം; കരാറുകമ്പനിക്കെതിരെ നാട്ടുകാർ; ദേശീയപാതയിലൂടെയുള്ള എല്ലാ ഗതാഗതവും നിർത്തിവെച്ചു; ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണം തുടരുമെന്ന് കളക്ടർ; പകരം ഏർപ്പെടുത്തിയ റോഡുകളും മറ്റു വിവരങ്ങളും, കൂടുതൽ അറിയാം..

You are currently viewing വീരമലക്കുന്നിലുണ്ടായത് ഷിരൂർ മോഡൽ വലിയ അപകടം; കരാറുകമ്പനിക്കെതിരെ നാട്ടുകാർ; ദേശീയപാതയിലൂടെയുള്ള എല്ലാ ഗതാഗതവും നിർത്തിവെച്ചു; ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണം തുടരുമെന്ന് കളക്ടർ; പകരം ഏർപ്പെടുത്തിയ റോഡുകളും മറ്റു വിവരങ്ങളും, കൂടുതൽ അറിയാം..

ചെറുവത്തൂര്‍ (കാസർകോട്): ചെറുവത്തൂര്‍ മയ്യിച്ച വീരമല കുന്നില്‍ ബുധനാഴ്ച്ച രാവിലെ ഉണ്ടായത് ഷിരൂർ മോഡൽ വലിയ അപകടം. ദേശീയപാത 66 നിര്‍മ്മാണ പ്രദേശത്താണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്. വൻ തോതിൽ മണ്ണ് ദേശീയപാതയിലേക്ക് വീണതിനാൽ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും താറുമാറായി. ഈ ഭാഗത്ത് സംരക്ഷണ ഭിത്തിക്ക് മുകളിലൂടെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുന്ന തരത്തിലാണ് റോഡിലേക്ക് മണ്ണ് ഇടിഞ്ഞു വീണത്. ഗതാഗതം മടക്കര കോട്ടപ്പുറം വഴി നീലേശ്വരത്തേക്ക് തിരിച്ചു വിട്ടു. ദേശീയപാതയില്‍ നിന്നും മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തി രാവിലെ മുതൽ നടത്തിവരികയാണ്. നിര്‍മ്മാണ കമ്പനിയുടെ ജെ.സി.ബിയും, ക്രയിനും ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എന്‍.ഡി ആര്‍.എഫ് സംഘവും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. ഈ വലിയ അപകടത്തിൽ നിന്നും കാറിൽ യാത്രചെയ്യുകയായിരുന്ന അദ്ധ്യാപിക അത്ഭുതകരമായാണ് രക്ഷപെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാറിന് മുകളിലേക്കാണ് മണ്ണ് വീണത്. ആസമയം കാർ സൈഡിലേക്ക് വെട്ടിച്ചതിനാൽ കാർ പൂർണ്ണമായും മണ്ണിനടിയിലാവാതെ രക്ഷപെട്ടു. കാഞ്ഞങ്ങാട് ദുർഗ സ്കൂളിന് സമീപം താമസിക്കുന്ന പടന്നക്കാട് എസ്.എൻ. ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപിക സിന്ധുവാണ് രക്ഷപെട്ടത്. ഒരുപാട് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയാണ്. എന്നാൽ അപകടസമയത്ത് വാഹനങ്ങൾ കുറവായിരുന്നു എന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. മണ്ണിടിച്ചിലുണ്ടായ പ്രദേശം എം.രാജഗോപാലന്‍ എം.എല്‍.എ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, മുന്‍ എം.പി, പി കരുണാകരന്‍, ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ, ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ ജി.സുരേഷ്ബാബു തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

  • ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി കളക്ടർ
  • ചെറുവത്തൂർ വീരമലക്കുന്നിൽ ദേശിയ പാതയിലേക്ക് മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു.
  • കാഞ്ഞങ്ങാട് ഭാഗത്തുനിന്നും ചെറുവത്തൂർ പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നീലേശ്വരം ദേശീയ പാതയിൽ നിന്നും കോട്ടപ്പുറം -മടക്കര വഴി ചെറുവത്തൂർ ദേശിയ പാതയിലെത്തി യാത്ര ചെയ്യേണ്ടതാണ്.
  • പയ്യന്നൂർ ഭാഗത്തുനിന്നും നിലേശ്വരം – കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കോത്തായിമുക്ക് – കാങ്കോൽ -ചിമേനി കയ്യൂർ -ചായ്യോത്ത് വഴി നിലേശ്വരം ദേശീയ പാതയിൽ എത്തണം.
  • ഇതുകൂടാതെ കരിവെള്ളൂർ – പാലക്കുന്ന് വെളളച്ചാൽ – ചെമ്പ്രകാനം -കയ്യൂർ – ചായ്യോത്ത് വഴിയും നിലേശ്വരത്ത് എത്തിച്ചേരണം.
  • ചെറുവത്തൂർ മയിച്ച ദേശീയപാതയിലൂടെ എല്ലാ ഗതാഗതവും നിർത്തണം.
  • ദേശീയപാത അതോറിറ്റിയുടെ സുരക്ഷാ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ ഗതാഗത നിയന്ത്രണം തുടരുന്നതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.
0Shares