
ദില്ലി: അതിശക്തമായ മഴയും കാറ്റും കാരണം വീടിന് മുകളിലേക്ക് മരം വീണ് നാലുപേർക്ക് ദാരുണ അന്ത്യം. അമ്മയും മൂന്ന് കുഞ്ഞുങ്ങളുമാണ് മരണപ്പെട്ടത്. ദില്ലിയിലെ ദ്വാരക ജില്ലയിലാണ് ദാരുണ സംഭവമുണ്ടായത്. 26 വയസ്സുള്ള ജ്യോതിയും മൂന്ന് മക്കളുമാണ് മരിച്ചത്. അപകടം നടന്ന ഉടൻ അഗ്നിശമന സേനയെത്തി അഞ്ച് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും 4 പേരുടെ ജീവൻ രക്ഷിക്കാനായില്ല. വീട്ടിലുണ്ടായിരുന്നവരിൽ ജ്യോതിയുടെ ഭർത്താവ് അജയ് പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
ദില്ലിയിൽ കനത്ത മഴ തുടരുകയാണ്. മഴയെ തുടർന്ന് 120 വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്. 40 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. 46 മിനിട്ട് വരെ വൈകിയാണ് വിമാനങ്ങൾക്ക് ഇറങ്ങാനായത്. പുറപ്പെടുന്ന സമയം 54 മിനിറ്റ് വരെ വൈകി സർവീസ് നടത്തുന്നു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് വിമാനങ്ങളുടെ പുതിയ സമയ ക്രമം പരിശോധിക്കണമെന്ന് വിമാന കമ്പനികൾ യാത്രക്കാരോട് അഭ്യർത്ഥിച്ചു. ദ്വാരക, ഖാൻപൂർ, സൗത്ത് എക്സ്റ്റൻഷൻ റിംഗ് റോഡ്, മിന്റോ റോഡ്, ലജ്പത് നഗർ, മോത്തി ബാഗ് തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 80 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശും എന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
