കാര്‍ട്ടൂണ്‍ അക്കാദമി പ്രവര്‍ത്തകര്‍ കാസര്‍കോട് ജില്ലയിലെത്തി; പ്രതിരോധത്തിന്‍റെ സന്ദേശവുമായി കാര്‍ട്ടൂണ്‍ മതില്‍ തീര്‍ത്തു

  • Post category:local news
  • Reading time:2 mins read
You are currently viewing കാര്‍ട്ടൂണ്‍ അക്കാദമി പ്രവര്‍ത്തകര്‍ കാസര്‍കോട് ജില്ലയിലെത്തി; പ്രതിരോധത്തിന്‍റെ സന്ദേശവുമായി കാര്‍ട്ടൂണ്‍ മതില്‍ തീര്‍ത്തു

കോവിഡ് പശ്ചാത്തലത്തില്‍ പൊതുജനങ്ങളില്‍ സാമൂഹ്യ അകലത്തിന്റെയും സോപ്പ്, മാസ്‌ക് ഉപയോഗത്തിന്റെയും ആവശ്യകതകള്‍ കാര്‍ട്ടൂണുകളിലൂടെ അവതരിപ്പിക്കാന്‍ കാര്‍ട്ടൂണ്‍ അക്കാദമി പ്രവര്‍ത്തകര്‍ ജില്ലയിലെത്തി. കേരളത്തിലെ വിവിധ ജില്ലകളില്‍ സാമൂഹ്യ സുരക്ഷാമിഷന്‍റെ സഹകരണത്തോടെയാണ് അക്കാദമി പ്രവൃത്തകര്‍ ജില്ലയില്‍ കാര്‍ട്ടൂണ്‍ മതിലുകള്‍ തീര്‍ത്തത്. മലബാറിലെ അവസാനത്തെ കാര്‍ട്ടൂണ്‍മതിലാണ് കാസര്‍കോട് ജി.യുപി സ്‌കൂള്‍ മതിലില്‍ തീര്‍ത്തത്.

സൂപ്പര്‍ സ്റ്റാറുകളും ഫുട്ബോള്‍ താരവും അത്ഭുതവിളക്കും ജിന്നും നിറഞ്ഞു നില്‍ക്കുന്ന കാര്‍ട്ടൂണുകളില്‍ കാസര്‍കോടിന്‍റെ തനത് ഭാഷാ പ്രയോഗങ്ങളും കാണാം. സ്‌കൂള്‍ മതിലില്‍ സാമൂഹ്യ സുരക്ഷാമിഷന്‍ ഒരുക്കിയ ക്യാന്‍വാസില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ കാര്‍ട്ടൂണിസ്റ്റുകള്‍ നര്‍മ്മം തുളുമ്പുന്ന ബോധവത്ക്കരണ ചിത്രങ്ങള്‍ തീര്‍ത്തു.

ബേക്കല്‍ കോട്ടയ്ക്ക് ചുറ്റും ആരോഗ്യ പ്രവര്‍ത്തകരും പോലീസും ശുചിത്വ തൊഴിലാളികളുമെല്ലാം ചേര്‍ന്ന് കോവിഡിനെതിരെ മറ്റൊരു കോട്ട തീര്‍ക്കുന്ന ചിത്രം ഓരോ കാസര്‍കോട്കാരനിലും കൂടുതല്‍ കരുത്തും പ്രതീക്ഷയും നല്‍കും. അത്ഭുതവിളക്കിനകത്ത് നിന്നും പുറത്തെത്തുന്ന ജിന്ന് തന്നെ വിളിച്ച കുഞ്ഞിനോട് സാനിറ്റൈസറും മാസ്‌കും സാമൂഹിക അകലവുമല്ലാതെ മറ്റൊരു പോം വഴിയും ഇതിനില്ലെന്ന് പറയുന്ന ചിത്രം ചിരിയോടൊപ്പം ഓരോരുത്തരേയും ചിന്തിപ്പിക്കുകയും ചെയ്യും.

കാസര്‍കോട്ടെ ഫുട്ബോള്‍ പ്രേമികളെ ആകര്‍ഷിക്കും വിധം മാസ്‌ക്കിട്ട് പൊരുതി മാസ്സായ മെസ്സിയും സ്‌റ്റൈല്‍ മന്നന്‍റെ സിങ്കം സിങ്കിളാ മാസ്‌ക്പോട്ടെന്ന ചിത്രവും മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നമ്മളിനി ട്രിബിള്‍ സ്ട്രോങ്ങാ… സോപ്പ് മാസ്‌ക്ക് സാമൂഹിക അകലം തുടങ്ങിയ ചിത്രങ്ങളും വ്യത്യസ്തമായി.

മാസ്‌ക് ശരിയായ വിധത്തില്‍ ധരിക്കാത്തവരെ ബോധവല്‍ക്കരിക്കാന്‍ നടപ്പിങ്ങനെയായാല്‍ കിടപ്പ് ഇങ്ങനെയാകും അകലമാണ് അടുപ്പം പുതിയ തുടങ്ങിയ സന്ദേശങ്ങളും ചിത്രങ്ങിലൂടെ നല്‍കി. ശ്വാസകോശം സ്പോഞ്ചു പോലെയാണ്, മാസ്‌കാണ് സുരക്ഷയെന്ന് ഓര്‍മ്മിപ്പിക്കുന്ന പെണ്‍കുഞ്ഞിന്‍റെയും അച്ഛന്റേയും ചിത്രവും ഏറെ ആകര്‍ഷകമായി. മാസ്‌ക്കും സാനിറ്റൈസറും ചൂലും പിടിച്ച മനുഷ്യന്‍ വൈറസിനോട് കാസര്‍കോടന്‍ ഭാഷയില്‍ വന്നബൈക്കലെ പൊയ്ക്കോളീ എന്നു പറഞ്ഞ് ഓടിക്കുന്ന ചിത്രം കാസര്‍കോട്കാരുമായി എളുപ്പം സംവദിക്കും.

കോവിഡ് കാലത്ത് കാര്‍ട്ടൂണിന്‍റെ ശക്തി തെളിയിക്കാന്‍ കാസര്‍കോട്ടെത്തിയ കാര്‍ട്ടൂണ്‍ അക്കാദമിയിലെ കലാകാരന്‍മാര്‍ സാമൂഹ്യ സുരക്ഷാമിഷന്‍റെ സഹകരണത്തോടെ പൂര്‍ത്തിയാക്കിയ ചിത്രങ്ങള്‍ പത്ത് ചിത്രങ്ങള്‍ ഇനി കാസര്‍കോടിനോട് സംവിദിച്ചുകൊണ്ടേ ഇരിക്കും. മാസ്‌ക് ധരിക്കാനും, സോപ്പിട്ട് കൈകഴികാനും അകലം സൂക്ഷിക്കാനുമെല്ലാം ഈ ചിത്രങ്ങള്‍ പ്രചോദനമാകും.

കെ. ഉണ്ണികൃഷ്ണന്‍, അനൂപ് രാധാകൃഷ്ണന്‍, ഡാവിന്‍ജി സുരേഷ്, രതീഷ് രവി, സുഭാഷ് കല്ലൂര്‍, സജീവ് ശൂരനാട്, സുരേന്ദ്രന്‍ വാരച്ചാല്‍, ഷാജി സീതത്തോട്, സനീഷ് ദിവാകരന്‍, അലി ഹൈദര്‍ തുടങ്ങിയവര്‍ ചിത്രം വരച്ചു. വര പൂര്‍ത്തിയായ ചിത്രങ്ങള്‍ ജില്ലാ കള്ടര്‍ ഡോ.ഡി സജിത് ബാബു നാടിന് സമര്‍പ്പിച്ചു.

ആരോഗ്യ വകുപ്പിന്‍റെ സന്ദേശമായ എസ്.എം.എസ് (സോപ്പ്, മാസ്‌ക്ക്, സാമൂഹിക അകലം) ജനങ്ങളിലേക്കെത്തിക്കാനുള്ള മികച്ച വേദിയായി കാര്‍ട്ടൂണ്‍മതില്‍. പ്രതിരോധത്തിന്‍റെ കാലത്ത് കാര്‍ട്ടൂണിന്‍റെ കരുത്ത് തെളിയിക്കാനുള്ള സന്ദര്‍ഭമാണെന്നും വിവിധ തൊഴിലുകള്‍ ചെയ്യുന്ന കാര്‍ട്ടൂണ്‍ അക്കാദമി മെമ്പര്‍മാരുടെ രാഷ്ട്രീയത്തിനപ്പുറത്തെ മാനവീകതയുടെ സന്ദേശമാണ് ഈ പരിപാടിയെന്നും കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ കെ. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ചടങ്ങില്‍ സാമൂഹ്യ സുരക്ഷാമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ജിഷോ ജെയിംസ്, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ കോ-ഓഡിനേറ്റര്‍മാരായ സി. രാജേഷ്,മുഹമ്മദ് അഷറഫ്, കാര്‍ട്ടൂണ്‍ കലാകാരന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാകളക്ടര്‍ ബേക്കല്‍കോട്ടയേയും കാസര്‍കോടന്‍ ഭാഷയേയും ചിത്രങ്ങളില്‍ ഉപയോഗിച്ച കലാകരന്‍മാരെ കളക്ടര്‍ അഭിനന്ദിച്ചു. എല്ലാ കലാകാരന്‍മാര്‍ക്കും കളക്ടര്‍ മാസ്‌കും സാനിറ്റൈസറും നല്‍കി കാസര്‍കോടിന്‍റെ സ്നേഹം അറിയിച്ചു.

0Shares