ജന്തുജന്യ രോഗങ്ങൾക്ക് മികച്ച കരുതൽ; കേന്ദ്ര മാർഗ നിർദ്ദേശങ്ങൾ പാലിക്കണം, വിദേശ ഇനം ജീവജാലങ്ങൾക്ക് സംരക്ഷണം നൽകുന്നത് ഇങ്ങനെ

You are currently viewing ജന്തുജന്യ രോഗങ്ങൾക്ക് മികച്ച കരുതൽ; കേന്ദ്ര മാർഗ നിർദ്ദേശങ്ങൾ പാലിക്കണം, വിദേശ ഇനം ജീവജാലങ്ങൾക്ക്  സംരക്ഷണം നൽകുന്നത് ഇങ്ങനെ

ഇന്ത്യയിൽ വിദേശ ജീവജാലങ്ങളെ ഇറക്കുമതി ചെയ്യുന്നതിനും കൈവശം വയ്ക്കുന്നതിനും പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEFCC) 2020 ജൂണിൽ പുറപ്പെടുവിച്ച മാർഗനിർദ്ദേശം അടുത്തിടെ സുപ്രീം കോടതി ശരിവച്ചു. മാർഗ നിർദ്ദേശങ്ങൾക്കെതിരെ സമർപ്പിച്ച ഒരു പൊതു താൽപ്പര്യ ഹർജി തള്ളിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

വിദേശ സ്പീഷീസുകളിൽപ്പെട്ട സസ്യ ജന്തുജാലങ്ങൾ അവയുടെ യഥാർത്ഥ ആവാസ വ്യവസ്ഥയിൽ നിന്ന് പുതിയ സ്ഥലത്തേയ്ക്ക് പറിച്ചു നടപ്പെടുന്നവയാണ്. ഈ സ്പീഷിസുകളെ മിക്കപ്പോഴും ആളുകളാണ് ഒരു പുതിയ സ്ഥലത്തേക്ക് എത്തിക്കുന്നത്.

കോവിഡ് വ്യാപന സമയത്ത് വന്യജീവി വ്യാപാരം, ജന്തുജന്യ രോഗങ്ങൾ എന്നിവയെ കുറിച്ചുള്ള ആശങ്കകൾ ആഗോളതലത്തിൽ ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രം മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.

മാർഗനിർദ്ദേശം ബാധകമായ സസ്യജന്തുജാലങ്ങൾ

വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ അന്താരാഷ്‌ട്ര വ്യാപാര ഉടമ്പടിയിലെ (Convention of International Trade in Endangered Species of Wild Fauna and Flora – CITES) അനുബന്ധം I, II, III എന്നിവയിൽ ഉൾപ്പെടുന്ന ജീവജാലങ്ങൾക്ക് നിർദ്ദേശങ്ങൾ ബാധകമാണ്. എന്നാൽ 1972-ലെ വന്യജീവി (സംരക്ഷണം) നിയമത്തിൽ ഉൾപ്പെടുന്ന സ്പീഷീസുകൾ മാർഗ നിർദ്ദേശങ്ങൾക്ക് കീഴിൽ വരുന്നില്ല.

സ്വമേധയാ വെളിപ്പെടുത്തുക

കേന്ദ്ര നിർദ്ദേശം അനുസരിച്ച് വിദേശ സ്പീഷീസുകളുടെ ഉടമകൾക്ക് സ്വമേധയാ ഇക്കാര്യം അധികൃതരെ അറിയിക്കാൻ അവസരമുണ്ട്. മൃഗങ്ങളെ കൈവശം വയ്ക്കൽ, കുഞ്ഞുങ്ങളുടെ ജനനം, ഇറക്കുമതി, കൈമാറ്റം എന്നിവയാണ് രജിസ്റ്റർ ചെയ്യേണ്ടത്.

ആറ് മാസം കാലാവധി

കേന്ദ്രം മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച ദിവസം മുതൽ ആറ് മാസത്തിനുള്ളിൽ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയാൽ വിദേശ ജീവജാലങ്ങളുമായി ബന്ധപ്പെട്ട് ഒരു രേഖകളും ഹാജരാക്കേണ്ടതില്ല. ആറ് മാസത്തിന് ശേഷം നടത്തുന്ന ഏതൊരു വെളിപ്പെടുത്തലിനും നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും കീഴിലുള്ള രേഖകൾ ആവശ്യമാണ്.

നേട്ടമെന്ത്?

ജീവജാലങ്ങളുടെ മികച്ച പരിപാലനം ഉറപ്പാക്കുകയും ശരിയായ വെറ്ററിനറി പരിചരണം, പാർപ്പിടം, ജീവിവർഗങ്ങളുടെ ക്ഷേമം ഉറപ്പാക്കൽ എന്നിവയാണ് ഈ മാർഗ നിർദ്ദേശത്തിലൂടെ ലക്ഷ്യമിടുന്നത്.

മൃഗങ്ങളുടെയും മനുഷ്യരുടെയും സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ജന്തുജന്യ രോഗങ്ങൾ നിയന്ത്രിക്കുന്നതിന് ഈ ഡാറ്റാബേസ് സഹായിക്കും.

പദ്ധതി പ്രവർത്തിക്കുന്നത് എങ്ങനെ?

സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് വൈൽഡ് ലൈഫ് വാർഡൻ (CWLW), ഫിസിക്കൽ വെരിഫിക്കേഷന് ശേഷം ജീവജാലങ്ങളെ രജിസ്റ്റർ ചെയ്യുകയും ഓഫീസിൽ റെക്കോർഡ് സൂക്ഷിക്കുകയും കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും. ഇതിന് ശേഷമുള്ള ഏതെങ്കിലും ഏറ്റെടുക്കൽ, മരണം, വ്യാപാരം, ഉടമസ്ഥാവകാശ മാറ്റം എന്നിവ 30 ദിവസത്തിനകം ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം.

മൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ

ഒരു ജീവനുള്ള വിദേശ മൃഗത്തെ ഇറക്കുമതി ചെയ്യുമ്പോൾ നിലവിലെ, വ്യവസ്ഥകൾ പ്രകാരം ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിന് (DGFT) ലൈസൻസ് അനുവദിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കണം. ഇറക്കുമതി ചെയ്യുന്നയാൾ അപേക്ഷയോടൊപ്പം സംസ്ഥാനത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും (എൻഒസി) വാങ്ങണം.

0Shares