ലോക പ്രമേഹ ദിനാചരണം ജില്ലാതല ഉദ്‌ഘാടനം; കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ.വി സുജാത നിർവ്വഹിച്ചു

You are currently viewing ലോക പ്രമേഹ ദിനാചരണം ജില്ലാതല ഉദ്‌ഘാടനം; കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ.വി സുജാത നിർവ്വഹിച്ചു

കാഞ്ഞങ്ങാട്: ലോക പ്രമേഹ ദിനാചരണത്തിൻ്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ സെമിനാറും ബോധവത്ക്കരണ ഫ്ലാഷ് മോബും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസും (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി കാഞ്ഞങ്ങാട് വ്യാപാരഭവൻ ഹാളിൽ സംഘടിപ്പിച്ച പരിപാടി കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ. കെ വി സുജാത ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ കാര്യ സ്ഥിരം സമതി അധ്യക്ഷ. കെ സരസ്വതി അധ്യക്ഷത വഹിച്ചു. ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. പി രഞ്ജിത്ത്, ടെക്‌നിക്കൽ അസിസ്റ്റന്റ് രാഘവൻ എ, ഡെപ്യുട്ടി ജില്ലാ എഡ്യുക്ഷൻ ആൻഡ് മീഡിയാ ഓഫീസർ എൻ.പി പ്രശാന്ത് എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി ഡി.എം. ഓ ഡോ ബി സന്തോഷ് സ്വാഗതവും, ഡെപ്യൂട്ടി ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ എസ് സയന നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി MLSP ജീവനക്കാർക്കായി നടത്തിയ ബോധവല്കരണ സെമിനാറിൽ എൻ സി ഡി അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ പ്രസാദ് തോമസ്, നീലേശ്വരം താലൂക്ക് ആശുപത്രി ഡയറ്റിഷ്യൻ മൃദുല അരവിന്ദ് എന്നിവർ ക്ലാസ്സെടുത്തു. ബോധവത്ക്കരണത്തിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് ഗവ. നേഴ്സിംങ് സ്ക്കൂൾ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് കാഞ്ഞങ്ങാട് പഴയ ബസ്സ്റ്റാൻ്റ് പരിസരത്ത് അരങ്ങേറി. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർദ്ധിക്കുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം. രോഗനിർണയം നടത്തി നിയന്ത്രണ വിധേയമാക്കിയില്ലെങ്കിൽ വൃക്കരോഗം, ഹൃദ്രോഗം, ന്യുറോപതി തുടങ്ങിയ മറ്റനുബന്ധ രോഗങ്ങൾക്ക് കാരണമാകും.

പ്രമേഹം ഒഴിവാക്കാൻ പാലിക്കേണ്ട ശീലങ്ങൾ:

>> ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പാലിക്കുക, പച്ചക്കറികളും ഇലക്കറികളും നിറയെ ഭക്ഷണത്തിൽ ഉൾപെടുത്തുക.
>> ഭക്ഷ്യ പദാർത്ഥങ്ങൾ വളരെ കുറച്ച് എണ്ണ മാത്രം ഉപയോഗിച്ച് പാകം ചെയ്യുക
>> ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക
>> സ്ഥിരമായി വ്യായാമ മുറകൾ പാലിക്കുക.
>> പുകവലി മദ്യപാനം മുതലായ അനാരോഗ്യകരമായ ശീലങ്ങൾ ഒഴിവാക്കുക.
>> പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളായ ഐസ് ക്രീം, കേക്ക്, മധുര പലഹാരങ്ങൾ, മിട്ടായി, കൃത്രിമ മധുര പാനീയങ്ങൾ എന്നിവയുടെ തുടർച്ചയായ ഉപയോഗം, എണ്ണയിൽ പൊരിച്ച ഭക്ഷണ വസ്തുക്കൾ എന്നിവ ഒഴിവാക്കുക.

പ്രമേഹത്തെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ലോകാരോഗ്യ സംഘടന, ഇന്റർ നാഷണൽ ഡയബറ്റിക് ഫെഡറേഷൻ എന്നിവയുടെ നേതൃത്വത്തിൽ എല്ലാ വർഷവും നവംബർ 14 ന് ലോക പ്രമേഹ ദിനമായി ആചരിച്ചു വരുന്നു. “തടസ്സങ്ങൾ നീക്കാം വിടവുകൾ നികത്താം” എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. പ്രമേഹ രോഗം നേരത്തേ കണ്ടെത്തുന്നതിലും, ചികിത്സയിലും, മാനേജ്മെൻ്റിലും ഉണ്ടായേക്കാവുന്ന തടസ്സങ്ങൾ നീക്കി രോഗബാധിതർക്ക് മികച്ച രീതിയിലുള്ള ജീവിത സാഹചര്യം ഉറപ്പാക്കുക എന്നതാണ് സന്ദേശം ഊന്നൽ നൽകുന്നത്. ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. രാംദാസ് എ വി അറിയിച്ചു.

0Shares