സമസ്ത നൂറാം വാർഷികം; അന്താരാഷ്ട്ര മഹാ സമ്മേളനവേദിയിൽ പന്തൽ കാൽ നാട്ടൽ കർമ്മം നടന്നു; കാസറഗോഡ് കുണിയയിൽ വിപുലമായ ഒരുക്കങ്ങൾ; ജന ലക്ഷങ്ങളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പ്; കൂടുതൽ അറിയാം..

You are currently viewing സമസ്ത നൂറാം വാർഷികം; അന്താരാഷ്ട്ര മഹാ സമ്മേളനവേദിയിൽ പന്തൽ കാൽ നാട്ടൽ കർമ്മം നടന്നു; കാസറഗോഡ് കുണിയയിൽ വിപുലമായ ഒരുക്കങ്ങൾ; ജന ലക്ഷങ്ങളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പ്; കൂടുതൽ അറിയാം..

കാസറഗോഡ്: സമസ്തയുടെ നൂറാം വാർഷിക മഹാ സമ്മേളനത്തിന് മുന്നോടിയായി കുണിയയിൽ വിപുലമായ ഒരുക്കങ്ങൾ നടക്കുകയാണ്. ബുധനാഴ്ച്ച പന്തൽ കാൽ നാട്ടൽ കർമ്മം നടന്നു. സയ്യദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പന്തൽ കാൽ നാട്ടൽ കർമ്മങ്ങൾക്ക് നേതൃത്വം നൽകി. സമസ്തയുടെ പണ്ഡിതൻമാരും എം.എൽ.എമാർ അടക്കമുള്ള ജനപ്രതിനിധികളും, വ്യവസായ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു. കുണിയ വിദ്യാഭ്യാസ ഗ്രുപ്പ് ചെയർമാനും പ്രമുഖ വ്യവസായിയുമായ കുണിയ ഇബ്രാഹിം ഹാജിയുടെ ഉടമസ്ഥതയിലുള്ള കുണിയയിലെ ഏക്കർ കണക്കിന് സ്ഥലം നിരപ്പാക്കിയാണ് സമ്മേളനത്തിനായി ഒരുക്കങ്ങൾ നടത്തിയത്. ഫെബ്രവരി 4 മുതൽ 8 വരെ നടക്കുന്ന അന്താരാഷ്ട്ര മഹാ സമ്മേളനങ്ങളിൽ പങ്കെടുക്കാനായി രാജ്യത്തെ വിവിധ പ്രദേശത്തുനിന്നും ലക്ഷകണക്കിന് സമസ്ത അനുയായികൾ എത്തും. അവരെ സ്വീകരിക്കാനും അവർക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ ഒരുക്കുകയുമാണ് നിലവിൽ കുണിയയിൽ ചെയ്യുന്നത്.

2026 ഫെബ്രുവരി 04 മുതൽ 08 വരെ കാസർഗോഡ് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക മഹാ സമ്മേളന നഗരിയിൽ സ്ഥാപിക്കുന്ന പന്തലിൻ്റെ കാൽ നാട്ടൽ കർമ്മം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവ്വഹിക്കുന്നു. വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം. ടീ. അബ്ദുള്ള മുസ്ലിയാർ,സമ്മേളന സ്ഥലം ഉടമ കുണിയ ഇബ്രാഹിം ഹാജി ഷാർജ, സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം, മുശാവറ മെംബർ മാരായ എ. വി.അബ്ദുറഹ്മാൻ മുസ്ലയാർ, ബംബ്രാണ അബ്ദുൽഖാദർ മുസ്ലിയാർ, ഉസ്മാൻ ഫൈസി തോടാർ തുടങ്ങിയവർ സമീപം.

ഫെബ്രവരി 8 നടക്കുന്ന മഹാ സമ്മളനത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും പണ്ഡിതന്മാർ അടക്കമുള്ളവർ സമ്മേളനവേദിയായ കുണിയയിൽ എത്തുമെന്നാണ് കണക്കാക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയത്തിന് അതീതമായി സമ്മേളന വേദിയിൽ എത്താനും സാധ്യതയുണ്ട്. ജന ലക്ഷങ്ങളെ ഉൾകൊള്ളാൻ കഴിയുന്ന വിധമാണ് സമ്മളന നഗരിയിലെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. സമ്മേളനത്തിന് മുന്നോടിയായുള്ള പന്തൽ കാൽ നാട്ടൽ ചടങ്ങ് ലളിതമായായിരുന്നു സംഘാടകർ ഒരുക്കിയത്. എന്നാൽ സമസ്തയോടുള്ള സ്നേഹം കൊണ്ട് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നും കർണ്ണാടകയിൽ നിന്നും ആയിരങ്ങളാണ് കുണിയയിലേക്ക് ഒഴുകി എത്തിയത്. തഹിയ്യ ഫണ്ട് ശേഖരണം വഴി ദിവസങ്ങൾക്കകം സമസ്തയിലേക്ക് 46 കോടിയിൽ അധികം രൂപ എത്തി എന്നതും രാജ്യം കണ്ട ഏറ്റവും വലിയ സംഘടനാ മികവായി വിലയിരുത്തപ്പെടുന്നു. സമസ്തയുടെ സമ്മേളനത്തിലൂടെ കാസറഗോഡ് ജില്ലയും കുണിയയും കൂടുതൽ ശ്രദ്ധക്കപെടും എന്നത് മറ്റൊരു വസ്ഥുതയാണ്.

0Shares