കൊട്ടിയൂര്‍ പീഡന കേസില്‍ മാതൃകാപരമായ ശിക്ഷ വിധിച്ച് തലശ്ശേരി പോക്‌സോ കോടതി

  • Post category:news
  • Reading time:1 min read
You are currently viewing കൊട്ടിയൂര്‍ പീഡന കേസില്‍ മാതൃകാപരമായ ശിക്ഷ വിധിച്ച് തലശ്ശേരി പോക്‌സോ കോടതി

കണ്ണൂര്‍: പ്രമാദമായ കൊട്ടിയൂര്‍ പീഡന കേസില്‍ ഫാ. റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസിലാണ് തലശ്ശേരി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി 60 വര്‍ഷമാണ് ശിക്ഷയെങ്കിലും ഇവ ഒന്നിച്ച് 20 വര്‍ഷം കഠിന തടവ് അനുഭവിച്ചാൽ മതിയെന്ന് കോടതി പറഞ്ഞു. 20 വര്‍ഷം കഠിന തടവിനൊപ്പം മൂന്ന് ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്.

തലശ്ശേരി പോക്‌സോ കോടതി ജഡ്ജി പി.എന്‍. വിനോദാണ് വിധി പറഞ്ഞത്. കഴിഞ്ഞ അഗസ്റ്റ് ഒന്നിനാണ് കേസിന്‍റെ വിചാരണ തലശ്ശേരി പോക്സോ കോടതിയില്‍ ആരംഭിച്ചത്. 54 സാക്ഷികളെ വിസ്തരിക്കുകയും 80 രേഖകളും ഏഴ് തൊണ്ടി മുതലുകളും പരിശോധിക്കുകയും ചെയ്തിരുന്നു. അതേസമയം പെൺകുട്ടിയുടെ അച്ഛനും അമ്മയ്ക്കുമെതിരെ നടപടിയെടുക്കാനും കോടതി നിര്‍ദേശിച്ചു.

കള്ളസാക്ഷി പറഞ്ഞതിനാണ് രക്ഷിതാക്കള്‍ക്കെതിരെ നടപടി. കേസിന്‍റെ വിചാരണക്കിടെ പീഡനത്തിനിരയായ പെണ്‍കുട്ടിയും മാതാപിതാക്കളും കൂറ് മാറിയിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായയെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധം നടന്നതെന്നും ഇവര്‍ കോടതിയില്‍ മൊഴി നല്‍കി. പ്രതിയെ കേസിൽ നിന്നും രക്ഷിക്കാനായി ഇവർക്കുമേലുണ്ടായ സമ്മർദ്ദം കോടതിയെ പോലും അതിശയിപ്പിച്ചു. എന്നാൽ കോടതിയിൽ ഇവരുടെ മലക്കം മറിച്ചിൽ ഫലം കണ്ടില്ല. ശാസ്ത്രീയ തെളിവുകൾ ആധാരമാക്കിയ കോടതി പ്രതിക്ക് മാതൃകാപരമായ ശിക്ഷ വിധിക്കുകയായിരുന്നു. പീഡനത്തിന് ശേഷം ഗർഭിണിയായ പെൺകുട്ടി 2017 ഫെബ്രുവരി ഏഴിന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടിക്ക് ജന്മം നൽകി. ഇപ്പോൾ കുട്ടിയുടെ സംരക്ഷണം ലീഗല്‍ സര്‍വീസസ് അതോറിറ്റിക്കാണ്.

0Shares