
തന്റെ വെളിപ്പെടുത്തലിനുശേഷം ബി.ജെ.പി ഭീഷണിപ്പെടുത്തുന്നതായി മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയായിരുന്ന കെ. സുന്ദര. പണം വാങ്ങിയിട്ടില്ലെന്ന് തന്റെ അമ്മയോട് പറയാൻ ആവശ്യപ്പെട്ടുവെന്നും പോലീസിനോട് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും സുന്ദര പറഞ്ഞു. നാമനിർദേശ പത്രിക പിൻവലിക്കാൻ പണം വാങ്ങിയത് തെറ്റാണ്. പണം ചെലവായതിനാൽ തിരികെ കൊടുക്കാനില്ല. ഇപ്പോഴത്തെ വെളിപ്പെടുത്തൽ ആരുടേയും പ്രലോഭനത്തിലല്ലെന്നും കെ. സുന്ദര പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്നും പിൻമാറാൻ രണ്ടര ലക്ഷം രൂപ ലഭിച്ചുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ അപരനായി മഞ്ചേശ്വരത്തു പത്രിക നൽകിയ കെ സുന്ദര വെളിപ്പെടുത്തിയത്. 15 ലക്ഷം രൂപയാണ് ആദ്യം വാഗ്ദാനം നൽകിയതെന്നും ജയിച്ചു കഴിഞ്ഞാൽ ബാക്കി നോക്കാമെന്ന് സുരേന്ദ്രൻ ഉറപ്പു നൽകിയതായും സുന്ദര സ്വകാര്യ ചാനലുകളോട് വെളിപ്പെടുത്തിയിരുന്നു. പ്രാദേശിക ബി.ജെ.പി നേതാക്കൾ വീട്ടിലെത്തി അമ്മയുടെ കൈവശം പണം നൽകുകയായിരുന്നുവെന്നും കെ. സുരേന്ദ്രൻ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും സുന്ദര കൂട്ടിച്ചേർത്തു.
കെ. സുരേന്ദ്രൻ ജയിച്ചാൽ കർണാടകത്തിൽ വൈൻ പാർലറും പുതിയ വീടും വാഗ്ദാനം ചെയ്തെന്നും കെ. സുന്ദര പറഞ്ഞു. ബി.എസ്പി സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക നൽകിയ സുന്ദര പിന്നീട് പത്രിക പിൻവലിക്കുകയായിരുന്നു. പത്രിക പിൻവലിക്കുന്നതിന്‍റെ തലേദിവസം ഇയാളെ കാണാനില്ലെന്ന് ബിഎസ്പി ജില്ലാ നേതൃത്വം പോലിസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് അടുത്ത ദിവസം ബി.ജെ.പി മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ പ്രത്യക്ഷപ്പെട്ട സുന്ദര അവിടെ വെച്ച് മാധ്യമങ്ങളെ കണ്ട് താൻ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറുകയാണെന്ന് പ്രഖ്യാപിച്ചു. 2016ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സുന്ദര 467 വോട്ടുകൾ നേടിയിരുന്നു. അന്ന് 89 വോട്ടിനാണ് സുരേന്ദ്രൻ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്.
