കാസര്‍കോട്ടേക്കുള്ള യാത്രക്കിടെ വനിതാ കമ്മീഷൻ്റെ ജീവനക്കാരന്‍ മാവേലി എക്‌സപ്രസില്‍നിന്നും തെറിച്ചുവീണു; വിവരം അറിയിക്കാൻ ട്രെയിനില്‍ ടിടിഇ യോ, പോലീസോ ഉണ്ടായില്ല; റയിൽവേക്കെതിരെ രൂക്ഷ വിമർശനം; പൊതുജനങ്ങളുടെ ജീവനിലും ആശങ്ക

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട്ടേക്കുള്ള യാത്രക്കിടെ വനിതാ കമ്മീഷൻ്റെ ജീവനക്കാരന്‍ മാവേലി എക്‌സപ്രസില്‍നിന്നും തെറിച്ചുവീണു; വിവരം അറിയിക്കാൻ ട്രെയിനില്‍ ടിടിഇ യോ, പോലീസോ ഉണ്ടായില്ല; റയിൽവേക്കെതിരെ രൂക്ഷ വിമർശനം; പൊതുജനങ്ങളുടെ ജീവനിലും ആശങ്ക

കാസർകോട്/ ആലപ്പുഴ: ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷയുടെ കാര്യത്തില്‍ റെയില്‍വേ അധികൃതരില്‍ നിന്നുള്ള പെരുമാറ്റം അപലപനീയമാണെന്നും പ്രതിഷേധാര്‍ഹമാണെന്നും സംസ്ഥാന വനിതാ കമ്മീഷന്‍. കാസര്‍കോട് ജില്ലയിലേക്ക് തിരുവനന്തപുരത്തുനിന്നും മാവേലി എക്‌സപ്രസില്‍ യാത്ര ചെയ്ത കമ്മീഷന്റെ ജീവനക്കാരന്‍ അപകടത്തില്‍പ്പെട്ടത് അറിയിക്കാന്‍ ട്രെയിനില്‍ ടിടിഇ യോ, റെയില്‍വേ പോലീസോ ഉണ്ടായില്ലെന്നും ജനങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ റെയില്‍വേ അധികൃതരില്‍ നിന്നുള്ള പെരുമാറ്റം ദു:ഖകരമാണെന്നും ഇക്കാര്യത്തില്‍ റെയിവേയോട് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെടുമെന്നും വനിതാ കമ്മീഷന്‍ അംഗങ്ങളായ ഡോ.ഷാഹിദ കമാല്‍, ഇ.എം രാധ എന്നിവര്‍ വ്യക്തമാക്കി. രാവിലെ കാസര്‍കോട് എത്തിയപ്പോള്‍ വിവരം അറിയിച്ച ടിടിഇ ഭാഗത്തുനിന്നുള്ള പെരുമാറ്റം ദു:ഖകരമാണെന്നും കമ്മീഷന്‍ അംഗങ്ങള്‍ പറഞ്ഞു.സംഭവം ഇങ്ങനെയാണ്:- വനിതാ കമ്മീഷന്‍ അദാലത്തിനായി കാസര്‍കോട്ടേക്കുള്ള യാത്രയില്‍ മാവേലി എക്‌സപ്രസില്‍ എസ് 8 കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്ത മധു എന്ന ജീവനക്കാരനാണ് അമ്പലപ്പുഴയ്ക്ക് സമീപം ട്രെയിനില്‍ നിന്ന് വീണത്. ഇന്നലെ(25) പുലര്‍ച്ചെ 5.30ന് വനിതാ കമ്മീഷന്റെ ഓഫീസില്‍ നിന്ന് വിവരം അറിയിക്കുമ്പോഴാണ് മധു അപകടത്തില്‍പ്പെട്ട വിവരം മറ്റൊരു കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്ത ഡോ.ഷാഹിദ കമാല്‍ അറിയുന്നത്. ഈ വിവരം മധുവിന്റെ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്ത മറ്റൊരു ജീവനക്കാരനായ അബുവിനെ അറിയിച്ചപ്പോള്‍ മധുവിന്റെ ബാഗും മറ്റു സാധനങ്ങളും ബര്‍ത്തിലുണ്ടായിരുന്നു. തുടര്‍ന്ന് അപകടവിവരം ട്രെയിനിലെ ടിടിഇ, പോലീസ് എന്നിവരെ അറിയിക്കാന്‍ നോക്കിയെങ്കിലും സ്ലീപ്പറിലോ എസി കോച്ചിലോ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. കാസര്‍കോട് എത്തിയപ്പോള്‍ അവിടെ കണ്ട ടിടിഇയോട് വിവരം അറിയിച്ചപ്പോര്‍ പ്രതികരിച്ചത് എന്താണിത്ര വൈകിയതെന്ന മറുപടിയാണ് ലഭിച്ചതെന്ന് ഡോ.ഷാഹിദ കമാല്‍ പറഞ്ഞു. അതേസമയം വിവരം അറിഞ്ഞ് ആലപ്പുഴ പോലീസ് മേധാവിക്കും, ആശുപത്രി സുപ്രണ്ടിനെയും അറിയിച്ചപ്പോള്‍ പുലര്‍ച്ചെതന്നെ ആവശ്യമായ സഹായങ്ങള്‍ അവര്‍ ചെയ്തിരുന്നുവെന്നും അവര്‍ പറഞ്ഞു. യാത്രയ്ക്കിടെ ശുചിമുറിയിലേക്ക് പോകുന്നതിനിടെ മധു ട്രെയിനില്‍ നിന്നുവീണത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട മധുവിന് കാലിനും കൈക്കും മുഖത്തിനും സാരമായ പരുക്കുണ്ട്.

0Shares