
കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലില്‍ പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി എന്ന് പ്രാഥമിക വിവരം. മൂഴിക്കല്‍ സ്വദേശിനിയും +1 വിദ്യാർത്ഥിനിയുമായ നസ്രീനയാണ് കൊല്ലപ്പെട്ടത്. ബന്ധുവായ 20 കാരനായ അദിനാനെ മരിച്ചനിലയിൽ കാണപ്പെട്ടു. സംഭവത്തിൽ നടുങ്ങി നാടും നാട്ടുകാരും.
പുറത്തുവരുന്ന വിവരം ഇങ്ങനെ: സഹോദരിമാരുടെ മക്കളായ ഇരുവരും സുഹൃത്തുക്കളായിരുന്നു. അദിനാൻ നസ്രീനയുടെ വീട്ടിലായിരുന്നു താമസിച്ചു പഠിച്ചിരുന്നത്. എന്നാൽ സ്വഭാവ ദൂഷ്യം കാരണം അദിനാനെ വീട്ടുകാർ മാറ്റി നിർത്തി. കൂടാതെ അദിനാൻ മോഷണം നടത്തുന്നത് നസ്രീന കാണുകയും വീട്ടുകാരോട് പറയുകയും ചെയ്തു. ഇത് പകയായി മാറി. സംഭവ ദിവസം രാത്രി 7.48നാണ് അദ്‌നാൻ നസ്രിനയുടെ വീട്ടിലെത്തിയത്. അടുക്കള ഭാഗത്തെ സി.സി.ടി.വി തിരിച്ച് വെച്ച ശേഷം അടുക്കള ഭാഗം വഴി വീടിന് അകത്ത് കയറി. എട്ട് മണിയോടെ അദ്‌നാൻ നസ്രിനയുടെ മുറിയിൽ നിലയുറപ്പിച്ചു എന്നാണ് പോലീസ് മനസ്സിലാക്കുന്നത്. കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം എന്നാണ് വിവരം.
പുലർച്ചെയോടെയാണ് സംഭവം വീട്ടുകാർ അറിയുന്നത്. വീട്ടിനകത്ത് കള്ളൻ കയറിയെന്ന് കരുതിയാണ് പരിശോധിച്ചത്. മുകൾ നിലയിലെ കിടപ്പുമുറിയിൽ നസ്രീനയെ ചലനമേറ്റ നിലയിൽ കണ്ടു.
സംഭവ സമയം നസ്രിനയുടെ അമ്മയും മുത്തശ്ശിയും സഹോദരിയും സഹോദരനും വീട്ടിലുണ്ടായിരുന്നു എന്നാണ് വിവരം. പെണ്‍കുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു എന്ന വിവരവും പുറത്ത് വരുന്നുണ്ട്. കുളത്തൂർ സ്വദേശിയായ അദ്‌നാനെ മുറിയില്‍ പൂട്ടിയിട്ടാണ് പെൺകുട്ടിയുമായി വീട്ടുകാർ ആശുപത്രിയിലെത്തിയത്. മടങ്ങിയെത്തിയപ്പോൾ യുവാവിനെ മരിച്ച നിലയിൽ കണ്ടു. മുഖത്ത് സേല്ലോ ടേപ്പ് ചുറ്റി മരിച്ചനിലയില്‍ കണ്ടെന്നാണ് മൊഴി. ഇരുവരുടെയും മരണത്തിൽ കൂടുതൽ കാര്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. കൊലപാതകം ആസൂത്രിതമെന്ന് പോലീസ് പറയുന്നു. ദുരൂഹത അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മരണ വാർത്ത നാടിനെ ഒന്നടകം ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്.
