
തിരുവനന്തപുരം: ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ജീവനൊടുക്കിയതിന് പിന്നാലെ കോളേജിനെതിരെ ആരോപണം ആവര്‍ത്തിച്ച് കുടുംബം. ലോൺ ആപ്പിൻ്റെ പേരിൽ നിതിന്‍ ആത്മഹത്യ ചെയ്യില്ലയെന്നും എല്ലാവരും കൂടി നിതിനെ കൊന്നതാണെന്നും നിതിൻ്റെ സഹോദരി നിഖിത പറഞ്ഞു. പഠിക്കുന്ന ഒരു കുട്ടിയ്ക്ക് ആപ്പ് ലോണിൽ നിന്ന് ലക്ഷങ്ങൾ കിട്ടില്ല. അങ്ങനെ കിട്ടണമെങ്കിൽ സാലറി സർട്ടിഫിക്കറ്റ് നൽകണമെന്നും അത് ഒന്നും അവന് കാണിക്കാൻ ഇല്ലെന്നും സഹോദരി പറഞ്ഞു. ഒരിക്കലും ആപ്പ് ലോണിൻ്റെ പേര് പറഞ്ഞു ഇത് ചുരുക്കാൻ സമ്മതിക്കില്ല. എവിടെ വരെ പോകാൻ പറ്റുമോ അവിടെ വരെ പോകുമെന്നും സഹോദരി വ്യക്തമാക്കി. അതേസമയം ആരോപണ വിദേയനായ അദ്ധ്യാപകൻ ഡോ. റാമിനെ പുറത്താക്കാൻ മാനേജ്മന്റ് തീരുമാനിച്ചു എന്നാണ് വിവരം. വിദ്യാർത്ഥികളുടെ പ്രതിഷേധം കടുത്തതോടെയാണ് പുറത്താക്കൽ തീരുമാനം. എന്നാൽ ഒളിവിൽ കഴിയുന്ന അദ്ധ്യാപകരെ പിടികൂടാൻ പോലീസ് തയ്യാറായിട്ടില്ല എന്നത് കൂടുതൽ പ്രതിഷേധത്തിന് കാരണമാകുന്നു. കണ്ണൂരിൽ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിലാണ് പ്രതിഷേധം കടുത്തത്. ആരോപണ വിധേയരായ അധ്യാപകർക്കെതിരെ അന്വേഷണം ഊർജിതമാക്കിയാതായി പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. എന്നാൽ ഡോ. എം.കെ. റാം, ഡോ. കെ ടി സംഗീത എന്നിവരെ അറസ്റ്റ് ചെയ്യാനായില്ല എന്നത് ഖേദകരമാണ്. ഡോക്ടർ റാം നടത്തിയ ക്രൂരത മുൻ വർഷങ്ങളിലും പഠിച്ചിറങ്ങിയ വിദ്യാർഥികളും മാധ്യമങ്ങളോട് വിവരിച്ചു.
