
ഗുജറാത്ത്: സ്കൂൾ തലം മുതൽ പൊക്കക്കുറവ് കാരണം നിരവധി കളിയാക്കലുകളാണ് ഗണേഷ് ബരയ്യ കേട്ടു തുടങ്ങിയത്. അതിന് മറുപടി നൽകിയതാകട്ടെ ഏറെ കടമ്പകൾ കടന്നുള്ള ഡോക്ടർ എന്ന പദവി സ്വന്തമാക്കികൊണ്ട്. അന്ന് കളിയാക്കിയവർ ഇന്ന് ബഹുമാനപൂർവ്വം സമീപിക്കുന്നു.

ഗുജറാത്തിലെ കുഗ്രാമത്തിൽ ഇടുങ്ങിയ വീട്ടിലിരുന്ന് അവനെ സ്വപ്നം കാണാൻ പഠിപ്പിച്ചത് അമ്മയാണെന്ന് ഡോ. ഗണേഷ് ബരയ്യ പറഞ്ഞു. പ്രാക്ടിക്കലുകളിൽ കസേരയിട്ട് മുന്നിൽ നിർത്തിയ അധ്യാപകരും ചുമലിലും ബൈക്കിലും ചുമന്നു കോളേജിൽ എത്തിച്ച സഹപാഠികളും പൂർണ്ണ പിന്തുണ നൽകുന്ന കുടുംബവും അവന്റെ വഴികാട്ടികളായി. ഈഞ്ചക്കലിലെ എസ്.പി മെഡി ഫോർട്ട് ആശുപത്രി ഒരുക്കിയ ഡോക്ടർ ദിനാചരണത്തിൽ വിശിഷ്ടാതിഥിയായി ഈ വല്യ മനുഷ്യൻ കേരളത്തിലും എത്തി. തിരുവനന്തപുരത്തെത്തിയ അദ്ദേഹം മലയാളികളുടെ മനസ്സിലും ഇടം നേടി.

മൂന്നടി ഉയരമുള്ള ഗണേഷ് ബരയ്യ പ്ലസ് ടു കഴിഞ്ഞ് മെഡിക്കൽ പഠനത്തിന് ശ്രമിക്കുമ്പോഴാണ് ശാരീരിക പരിമിതികളുടെ പേരിൽ തഴയപ്പെട്ടത്. അത്യാഹിത സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ഗണേഷിനാവില്ലെന്ന മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ വിധിയെഴുത്ത്. വിധി തിരുത്തി കുറിക്കാൻ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. മാറ്റമുണ്ടായില്ല. ഒടുവിൽ അതേ വർഷം സുപ്രിംകോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ച് ഗണേഷ് 2019 ൽ എം.ബി.ബി.എസിന് പ്രവേശനം നേടി. ഇന്ന് ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ ഡോക്ടറെന്ന റെക്കോഡിന് ഉടമ കൂടിയാണ് ഈ കൊച്ചു മനുഷ്യൻ.
