
റാഞ്ചി / ജാര്‍ഖണ്ഡ്: വീട്ടു ജോലിക്കാരിയായ ഗോത്ര വിഭാഗക്കാരി സ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബിജെപി നേതാവ് സീമ പത്രയെ ജാര്‍ഖണ്ഡ് പോലീസ് ബുധനാഴ്‌ച അറസ്റ്റ് ചെയ്തു. ആദിവാസി യുവതി 29കാരിയായ സുനിതയുടെ ദുരവസ്ഥ വനിതാ നേതാവായ സീമ പത്രയുടെ മകനാണ് അമ്മയുടെ ദുഷ്ചെയ്തികളെ ലോകത്തിൻ്റെ മുന്നില്‍ തുറന്നു കാട്ടിയത്.
സമാനതകളില്ലാത്ത പീഡനങ്ങളായിരുന്നു സുനിതയ്ക്ക് കഴിഞ്ഞ എട്ടുവര്‍ഷമായി നേരിടേണ്ടി വന്നത്. വര്‍ഷങ്ങളായി വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചതിന് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ്റെ ഭാര്യ കൂടിയായ സീമ പത്രയ്‌ക്കെതിരെ അര്‍ഗോറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അറസ്റ്റിലായതിന് ശേഷം പ്രതി താന്‍ നിരപരാധിയാണെന്ന് അവകാശപ്പെടുകയും ആരോപണങ്ങള്‍ ‘രാഷ്ട്രീയ പ്രേരിതം’ എന്ന് പറയുകയും ചെയ്തു. റാഞ്ചിയിലെ അശോക് നഗര്‍ ഏരിയയിലെ വസതിയില്‍ വര്‍ഷങ്ങളായി യുവതിയെ ബന്ദിയാക്കി സീമ പത്ര ഉപദ്രവിച്ചിരുന്നു.
പത്രയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി സുനിത തനിക്കുണ്ടായ ദുരനുഭവം വിവരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് പത്രയെ ബി.ജെ.പി നേതൃത്വം സസ്‌പെണ്ട് ചെയ്തത്.
സുനിതയുടെ ശരീരത്തില്‍ ഡസന്‍ കണക്കിന് മുറിവുകള്‍ ഉണ്ടായിട്ടുണ്ട്. ചൂടുള്ള പാത്രവും ഇരുമ്പ് വടിയും ഉപയോഗിച്ച് അടിക്കുകയും തറയില്‍ മൂത്രം നക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തതായും പരാതിയുണ്ട്. സീമ പാത്രയുടെ മകന്‍ ആയുഷ്മാനാണ് സുനിതയെ രക്ഷിക്കാന്‍ ശ്രമിച്ചത്.

ആയുഷ്മാന്‍ വീട്ടിലെ സംഭവങ്ങള്‍ സുഹൃത്തായ വിവേക് ബാസ്‌കെയെ അറിയിച്ചു. സുനിത, വിവേകിനോട് തൻ്റെ ദുരനുഭവത്തെ കുറിച്ച് തുറന്നു പറയുകയും അയാളുടെ സഹായത്തോടെ രക്ഷപ്പെടുകയുമായിരുന്നു. വേലക്കാരിയായ സുനിതയ്ക്ക് ഭക്ഷണവും വെള്ളവുമില്ലാതെ മുറിയില്‍ പൂട്ടിയിട്ടതിനാല്‍ തനിയെ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാതെയായി. ഇപ്പോള്‍ റാഞ്ചിയിലെ റിംസില്‍ ചികിത്സയിലാണ്.
