
ദില്ലി: ഉപരാഷ്ട്രപതി ജഗദീപ് ദന്‍കറിന്‍റെ രാജിയിൽ രാജ്യസഭയിൽ ബഹളം. ഉപരാഷ്ട്രപതിയുടെ അപ്രതീക്ഷിത രാജിയില്‍ ദുരൂഹതയേറുകയാണ്. രാജി വെക്കുന്നതായി ഇന്നലെ രാത്രിയാണ് സാമൂഹ്യമാധമത്തിലൂടെ ജഗ്ദീപ് ധൻകർ അറിയിച്ചത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകിയത്. രാജി രാഷ്ട്രപതി അംഗീകരിച്ചു. ഇതോടെയാണ് രാജ്യസഭയിൽ പ്രതിപക്ഷം ബഹളം വെച്ചത്. ബഹളത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് 2 മണി വരെ രാജ്യസഭ നിർത്തി വെച്ചു. അതേസമയം, ജജഗദീപ് ധന്‍കറിന് നല്ല ആരോഗ്യം നേര്‍ന്ന് പ്രധാനമന്ത്രി ആശംസയറിയിച്ചു. ഉപരാഷ്ട്രപതിയടക്കം സുപ്രധാന പദവികൾ വഹിക്കാൻ ധൻകറിന് അവസരം കിട്ടിയിട്ടുണ്ടെന്നും മോദി സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.
ജഗദീപ് ധനകർ രാജി വെച്ചതായി ആഭ്യന്തര മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. ഉപരാഷ്ട്രപതിയുടെ രാജിയിൽ സർക്കാറിന്‍റെ മൗനം തുടരുകയാണ്. ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഇംപീച്ച്മെൻ്റ് നോട്ടീസിൽ ധൻകറുടെ നീക്കം സർക്കാരിനെ ചൊടിപ്പിച്ചിരുന്നു. രാജിക്ക് പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ എന്തെങ്കിലും ഉണ്ടോയെന്നത് വ്യക്തമല്ല. രാജിവെക്കാൻ ആരാണ് നിർബന്ധിച്ചത് എന്നതും ദുരൂഹമാണ്. അതേസമയം ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന് യാത്രയയപ്പ് നല്‍കാത്തതും പ്രതിപക്ഷം ചർച്ചയാക്കി. വിടവാങ്ങല്‍ പ്രസംഗവും ഉണ്ടായില്ല. വെറും രണ്ട് വരിയില്‍ മാത്രം പ്രധാനമന്ത്രി ആശംസയറിയിച്ചതും സംശയങ്ങള്‍ ഉയര്‍ത്തുകയാണ് പ്രതിപക്ഷം. മുൻപ് പശ്ചിമ ബംഗാൾ ഗവർണറായിരുന്ന ജഗ്ദീപ് ധൻകർ 2022 ഓഗസ്റ്റിലാണ് ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റത്. 2027 വരെ അദ്ദേഹത്തിന് ഉപരാഷ്ട്രപതി സ്ഥാനത്ത് കാലാവധിയുണ്ടായിരുന്നു. എന്നാൽ മൂന്ന് വർഷം തികയും മുൻപാണ് രാജിപ്രഖ്യാപനം. ഏറെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമായ ഇടപെടലുകളിലൂടെ ശ്രദ്ധേയനായിരുന്നു ജഗ്ദീപ് ധൻകർ.
