അടുത്ത നാല്‍പ്പത് ദിവസങ്ങള്‍ നിര്‍ണായകം; കോവിഡ് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

You are currently viewing അടുത്ത നാല്‍പ്പത് ദിവസങ്ങള്‍ നിര്‍ണായകം; കോവിഡ് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് അടുത്ത നാല്‍പ്പത് ദിവസങ്ങള്‍ വളരെ നിര്‍ണായകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിദേശത്ത് നിന്ന് വരുന്നവരില്‍ കൊവിഡ് കേസുകള്‍ കണ്ടുവരുന്നതിനാലാണ് ജാഗ്രതാ മുന്നറിയിപ്പ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വിദേശത്ത് നിന്നെത്തിയ 39 യാത്രക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത്തരത്തില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണെങ്കില്‍ ജനുവരി പകുതിയോടെ രാജ്യത്ത് കൊവിഡ് കേസുകളില്‍ ഗണ്യമായ വര്‍ധനവുണ്ടാകും എന്നാണ് വിലയിരുത്തല്‍.

ചൈനയില്‍ വ്യാപിക്കുന്ന ഒമിക്രോണിൻ്റെ പുതിയ വകഭേദം ലോകത്തിനാകെ ഭീഷണിയായിരിക്കെ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ അതീവ ജാഗ്രതയിലാണ്. കഴിഞ്ഞ ഒരാഴ്‌ചയില്‍ ബിഹാറില്‍ കൊവിഡ് കേസുകളില്‍ പത്തുമടങ്ങ് വര്‍ധനവാണ് ഉണ്ടായത്. എന്നാല്‍, കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക വേണ്ടെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ എടുത്തും ജനങ്ങള്‍ പ്രതിരോധം തീര്‍ക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

കേരളത്തിൽ കൊവിഡില്‍ നിരീക്ഷണം ശക്തമാക്കി സംസ്ഥാന ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ നേരിടാന്‍ പ്രാഥമിക സര്‍ജ് പ്ലാനിന് ആരോഗ്യ വകുപ്പ് രൂപം നല്‍കി. ആശുപത്രി കിടക്കകള്‍, ഐ സി യു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ ബെഡുകളുടെ ലഭ്യതയും ഉറപ്പ് വരുത്തി.

കേന്ദ്ര വ്യോമ മന്ത്രാലയത്തിൻ്റെ നിര്‍ദേശാനുസരണം സംസ്ഥാനത്തെ വിമാന താവളങ്ങളില്‍ പുനരാരംഭിച്ച കൊവിഡ് പരിശോധന തുടരുകയാണ്. റാന്‍ഡം സാമ്പി ളിങ്ങിലൂടെ യാത്രക്കാരില്‍ 2% പേരുടെ പരിശോധനയാണ് നടത്തുന്നത്. ഒപ്പം രോഗലക്ഷണങ്ങളുള്ള യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കുന്നു. വിമാന താവങ്ങളിലെ പരിശോധന ആരംഭിച്ച്‌ നാല് ദിവസം പിന്നിടുമ്പോഴും ജനിതക വകഭേദം വന്ന കൊവിഡ് വൈറസ് സംസ്ഥാനത്ത് സ്ഥിരീകരിക്കാത്തത് ആശ്വാസമാണ്.

എന്നാല്‍ പ്രതിദിനം ശരാശരി നൂറില്‍ താഴെ കേസുകള്‍ സംസ്ഥാനത്തുണ്ടാകുന്നുണ്ട്. 7000 സാമ്പിളുകള്‍ പരിശോധിച്ച കഴിഞ്ഞ ദിവസം 90 ഓളം കേസുകളാണ് കൊവിഡ് പോസിറ്റീവായത്. രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ടോയെന്ന് സസൂക്ഷ്മം നിരീക്ഷിക്കുകയാണ് ആരോഗ്യ വകുപ്പ്. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി കൂടുതല്‍ കൊവിഡ് സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയക്കാനാണ് ജില്ലകള്‍ക്കുള്ള നിര്‍ദേശം. ആശുപത്രികളില്‍ അഡ്‌മിറ്റാകുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍ക്കും തീവ്രമായ പനി, തൊണ്ടവേദന, ശ്വാസതടസം എന്നിവയുള്ളവര്‍ക്കും കൊവിഡ് പരിശോധന നടത്താൻ നിർദേശിച്ചിട്ടുണ്ട്.

0Shares