
ദില്ലി: സൗദി അറേബ്യയിൽ മദീനത്തിന് അടുത്തുണ്ടായ ബസ് അപകടത്തിൽ 45 ഇന്ത്യൻ തീർത്ഥാടകർ മരിച്ചതായി സ്ഥിരീകരണം. മദീനയിൽ എത്തുന്നതിന് ഏകദേശം 25 കിലോമീറ്റർ മുമ്പായിരുന്നു അപകടം. ബസിൽ 46 യാത്രക്കാരുണ്ടായിരുന്നു. ഇതിൽ ഒരു യാത്രക്കാരൻ മാത്രമാണ് രക്ഷപ്പെട്ടത്. ഇദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്. ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. പൂർണ്ണമായും ഗ്ലാസ് കൊണ്ട് ബന്ധാവസ്ഥയ ബസിൽ നിന്നും യാത്രക്കാർക്ക് രക്ഷപെടാൻ സാധിച്ചില്ല. അപകടത്തിൽ ബസ് പൂർണ്ണമായും കത്തിയമരുകയാണുണ്ടായത്. ഓരോ മൃതദേഹവും തിരിച്ചറിയാൻ കഴിയാത്തവിധം കത്തിയമർന്നിരുന്നു. വളരെ വേദനാ ജനകമായ ദുരന്തമാണുണ്ടായത്.


അപകടത്തിൽ ഹൈദരാബാദിലെ ഒരു കുടുംബത്തിലെ 18 പേർ മരണപെട്ടു എന്നത് രാജ്യത്തെ തന്നെ ഞെട്ടിച്ചു. ഒരേ കുടുംബത്തിലെ മൂന്ന് തലമുറകളിൽപ്പെട്ടവരാണ് മരണപ്പെട്ടവർ. ഇവർ ഉംറക്ക് പുറപ്പെടുന്നത് മുമ്പ് എടുത്ത ഗ്രൂപ്പ് ഫോട്ടോ ഇപ്പോൾ മാധ്യമങ്ങളിൽ കാണുമ്പോൾ സങ്കടം സഹിക്കുന്നതിലും അപ്പുറമാണ്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് തെലങ്കാന മന്ത്രിസഭ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ മതാചാരപ്രകാരം സൗദി അറേബ്യയിൽ സംസ്‌കരിക്കാനും, മരിച്ചുപോയ ഓരോ കുടുംബത്തിൽ നിന്നും രണ്ട് കുടുംബാംഗങ്ങളെ സൗദി അറേബ്യയിലേക്ക് കൊണ്ടുപോയി അന്ത്യകർമങ്ങൾ നടത്താനും തീരുമാനിച്ചു. ഇന്ത്യൻ എംബസിയുമായി സർക്കാർ ബന്ധപ്പെടുന്നുണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അറിയിച്ചു.
