
കാസർകോട്: കാസർകോട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ ആദ്യ വിദ്യാർത്ഥി പ്രവേശനം നേടി ജില്ലയിൽ എത്തി. അഖിലേന്ത്യാ ക്വാട്ടയിൽ പ്രവേശനം നേടിയ ഗുർവീന്ദർ സിംഗ് എന്ന രാജസ്ഥാൻ അൽവാർ സ്വദേശിയാണ് ഉക്കിനടുക്കയിലെ കാസർകോട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ എത്തിയത്.


പ്രവേശനം നേടിയ ആദ്യത്തെ എം.ബി.ബി.എസ്. വിദ്യാർത്ഥിയെ കാസർകോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് പി.എസ്. പ്രവീൺ കുമാർ മധുരം നൽകി സ്വീകരിച്ചു. മെഡിക്കൽ കോളേജിൽ അഖിലേന്ത്യാ പ്രവേശനത്തിന് ഏഴ് സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ ഒരാളാണ് തിങ്കളാഴ്ച പ്രവേശനം നേടിയത്. ഈ മാസം തന്നെ ബാക്കിയുള്ള 50 സീറ്റിലും പ്രവേശനം നേടി വിദ്യാർഥികൾ എത്തുമെന്ന് അധികൃതർ അറിയിച്ചു.
