
തൃക്കരിപ്പൂര്‍(കാസർകോട്): തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ്ണ മാലിന്യ നിര്‍മ്മാര്‍ജ്ജനം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി പൊതു സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കടുത്ത നടപടികൾ ആരംഭിച്ചു. മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിന് CCTV ക്യാമറകള്‍ സജ്ജമായി. പഞ്ചായത്തില്‍ വിവിധ ഭാഗങ്ങളിലായി കെല്‍ട്രോണിന്‍റെ സാങ്കേതിക സഹായത്തോടു കൂടിയാണ് CCTV സ്ഥാപിക്കുന്നത്. 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് ശുചിത്വ മിഷന്‍റെ സഹായത്തോടെ പദ്ധതി നടപ്പിലാക്കുന്നത്. ഇതോടു കൂടി പഞ്ചായത്തിന്‍റെ 12 സ്ഥലങ്ങളില്‍ ക്യാമറകള്‍ മിഴി തുറന്നു. പൊതു സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവർക്ക് ഇനി മുതൽ പണികിട്ടും.
സി.സി ടി.വി യുടെ ഔദ്യോഗിക ഉല്‍ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ.എം ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. മെമ്പർമാരായ എം.രജീഷ് ബാബു, ഫായിസ് ബീരിച്ചേരി, എം.കെ ഹാജി, കെ.വികാർത്ത്യാനി, സാജിദ സഫറുള്ള, വി.പി.സുനീറ, സിക്രട്ടറി ഇൻ്ചാർജ് സി ബി ജോർജ്, വി.ഇ ഒ മാരായ എസ് കെ പ്രസൂൺ, രജീഷ കൃഷ്ണൻ പദ്ധതി അസി: കോ-ഓഡിനേറ്റർ കെ.വി സുഭാഷ് എന്നിവർ പങ്കെടുത്തു.
