Categories
channelrb special Kerala local news national news trending

കുമ്പള കോയിപ്പാടി തീരത്തിനോട് ചേർന്ന് കടലിൽ കാണുന്നത് തകരാറിലായ വലിയ ടഗ് ബോട്ട്; കൊല്ലത്ത് നിന്നും മുബൈ പോർട്ടിലേക്ക് പോകുന്ന കപ്പലിനെ അനുഗമിച്ചതാണെന്ന് വിവരം; ഷിറിയ തീരദേശ പോലീസ് ബോട്ടിലെത്തി പരിശോധന നടത്തി

കാസർകോട്: കുമ്പള കോയിപ്പാടി തീരത്തിനോട് ചേർന്ന് കടലിൽ ബുധനാഴ്ച്ച രാവിലെ മുതൽ സാധാരണയിൽ വിഭിന്നമായി കണ്ട ബോട്ട് നാട്ടുകാരിൽ കൗതുകവും അതോടപ്പം ആശങ്കയും ഉയർത്തി. ഷിറിയ തീരദേശ പോലീസ് ബോട്ടിലെത്തി പരിശോധന നടത്തി. കൊല്ലത്ത് നിന്നും മുബൈ പോർട്ടിലേക്ക് പോകുന്ന കപ്പലിനെ അനുഗമിച്ച വലിയ ടഗ് ബോട്ടാണ് തകരാർ കാരണം തീരത്തിനോട് ചേർന്ന് നകുരമിട്ടതെന്ന് പോലീസ് അറിയിച്ചു. 30 അടി നീളമുള്ള EXXAR എന്ന പേരിലുള്ള വലിയ ടഗ്ഗാണിതെന്നും പോലീസ് പറഞ്ഞു. ഈ ടഗ് ബോട്ടിൽ 12 ജീവനക്കാരുണ്ടായിരുന്നു. ഇതിൽ 4 പേർ മംഗലാപുരത്തേക്ക് പോയിട്ടുണ്ട്. മംഗലാപുരത്ത് നിന്നും സപ്പോർട്ടിങ് ബോട്ട് വന്ന് പോർട്ടിലെത്തിക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. ഇതിന് ശേഷമാണ് 4 പേർ തകരാർ പരിഹരിക്കാനുള്ള ആവശ്യത്തിനായി തീരത്തേക്ക് പോയത്. 8 പേര് നിലവിൽ ടഗ് ബോട്ടിലുണ്ട്. സ്റ്റിയറിങ് തകരാർ സംഭവിച്ചതാണെന്നും മറ്റു പ്രശ്നങ്ങൾ ഇല്ലന്നും പോലീസ് അറിയിച്ചു. തകരാർ പരിഹരിച്ച് വ്യാഴാഴ്ച യാത്ര തുടരാനാകുമെന്നാണ് വിവരം.

കുമ്പള കോയിപ്പാടി തീരത്ത് സാധാരണയായി ഇത്തരം ബോട്ടുകൾ കാണപ്പെടാറില്ല. മത്സ്യബന്ധന ബോട്ടുകൾ കാണുന്ന ഇടത്ത് വലിയ കാർഗോ ബോട്ട് വന്നു എന്നാണ് നാട്ടുകാർ ആദ്യം പറഞ്ഞത്. പ്രദേശവാസികൾ ലക്ഷദീപ്- മംഗലാപുരം കാർഗോ ഷിപ്പ് എന്നും കരുതിയിരുന്നു. ഈ അടുത്തിടെ കേരള തീരത്തുണ്ടായ രണ്ട് കപ്പൽ അപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് നാട്ടുകാരിലും ആശങ്ക ഉണ്ടായത്. കപ്പൽ അപകടം ഉണ്ടായതിന് പിന്നാലെ തീരത്ത് മത്സ്യത്തൊഴിലാളികളും നാട്ടുകാരും ജാഗ്രതയിലാണ്. ദിവസങ്ങളോളം ജില്ലാ ഭരണകൂടവും തീരത്ത് ജാഗ്രതാ നിർദേശം നൽകിയിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest